Kerala Government NewsNews

ക്ഷാമബത്ത 4 ശതമാനം വർദ്ധിക്കും! കേരളത്തിലെ കുടിശിക 22 ശതമാനമായി ഉയരും

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ (ഡിഎ) നാല് ശതമാനം വർദ്ധനവിന് സാധ്യത. നേരത്തെ രണ്ട് ശതമാനം വർദ്ധനവാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, മേയ് മാസത്തിലെ പണപ്പെരുപ്പ നിരക്ക് ഉയർന്നതോടെയാണ് ഡിഎയിൽ കാര്യമായ വർദ്ധനവ് പ്രതീക്ഷിക്കുന്നത്. ഇത് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസം നൽകുന്ന വാർത്തയാണ്.

ലേബർ ബ്യൂറോ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025 മേയ് മാസത്തിലെ അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികയിൽ (AICPI-IW) 0.5 പോയിന്റിന്റെ വർദ്ധനവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡിഎ നാല് ശതമാനം വരെ ഉയർന്നേക്കാമെന്ന വിലയിരുത്തൽ വരുന്നത്.

പുതിയ വർദ്ധനവ് 2025 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാകും നടപ്പിലാക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസത്തോടെയുണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിൽ 55 ശതമാനമാണ് കേന്ദ്ര ജീവനക്കാരുടെ ഡിഎ. നാല് ശതമാനം കൂടി വർദ്ധിക്കുന്നതോടെ ഇത് 59 ശതമാനമായി ഉയരും.

കേരളത്തിൽ കുടിശ്ശിക പെരുകുന്നു

കേന്ദ്രം കൃത്യമായി ക്ഷാമബത്ത വർദ്ധിപ്പിക്കുമ്പോൾ കേരളത്തിലെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ സ്ഥിതി കൂടുതൽ പരിതാപകരമാവുകയാണ്. കേന്ദ്രത്തിലെ പുതിയ വർദ്ധനവ് കൂടി കണക്കിലെടുത്താൽ കേരളത്തിലെ ജീവനക്കാർക്ക് സർക്കാർ നൽകാനുള്ള ഡിഎ കുടിശ്ശിക 22 ശതമാനമായി ഉയരും. ഇതോടെ കുടിശ്ശികയുള്ള ഗഡുക്കളുടെ എണ്ണം ഏഴാകും. രാജ്യത്ത് ക്ഷാമബത്ത കുടിശ്ശികയുടെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

കേരളത്തിൽ ലഭിക്കാനുള്ള ഡിഎ കുടിശ്ശിക ഗഡുക്കൾ:

  • 2022 ജൂലൈ: 3%
  • 2023 ജനുവരി: 4%
  • 2023 ജൂലൈ: 3%
  • 2024 ജനുവരി: 3%
  • 2024 ജൂലൈ: 3%
  • 2025 ജനുവരി: 2%
  • 2025 ജൂലൈ (പുതിയത്): 4%
  • ആകെ കുടിശ്ശിക: 22%

കേന്ദ്ര സർക്കാർ 2026-ൽ അടുത്ത ശമ്പള പരിഷ്കരണം നടപ്പാക്കാൻ ഒരുങ്ങുമ്പോഴാണ് സംസ്ഥാനത്ത് ജീവനക്കാർക്ക് അർഹമായ ക്ഷാമബത്ത പോലും അനുവദിക്കാതെ കുടിശ്ശികയുടെ ഭാരം വർദ്ധിക്കുന്നത്.