
തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാലയിൽ നടക്കുന്ന കോടികളുടെ അഴിമതിയിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും അടിയന്തരമായി പ്രത്യേക വിജിലൻസ് സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഐടി വകുപ്പിന് കീഴിലുള്ള സർവകലാശാലയിൽ നടക്കുന്നത് ഞെട്ടിക്കുന്ന തട്ടിപ്പുകളാണെന്ന് കത്തിൽ ആരോപിക്കുന്നു.
സർവകലാശാല രൂപീകരിച്ചത് മുതൽ ഓഡിറ്റ് നടത്താത്തതാണ് അഴിമതിക്ക് കളമൊരുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സർവകലാശാലയുടെ പ്രോ-ചാൻസലർ കൂടിയായ മുഖ്യമന്ത്രിയുടെ കീഴിൽ നടക്കുന്ന ഈ കൊള്ളയെക്കുറിച്ച് ഗൗരവമായ അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഗ്രാഫീൻ പദ്ധതിയിലെ തട്ടിപ്പ്
മുഖ്യമന്ത്രി അഭിമാന പദ്ധതിയായി അവതരിപ്പിച്ച ഗ്രാഫീൻ പദ്ധതിയിലും വൻ തട്ടിപ്പ് നടന്നതായി കത്തിൽ പറയുന്നു. പദ്ധതിയുടെ പങ്കാളിയായി തിരഞ്ഞെടുത്ത ‘ഇന്ത്യ ഗ്രഫീൻ എന്‍ജിനീയറിങ് ആന്‍ഡ് ഇന്നൊവേഷന്‍ സെന്റര്‍’ എന്ന സ്വകാര്യ കമ്പനി രൂപീകരിച്ചതുതന്നെ പദ്ധതിയുടെ സർക്കാർ ഉത്തരവ് ഇറങ്ങിയതിന് ശേഷമാണ്. എന്നിട്ടും, ഔദ്യോഗിക നടപടികൾ പൂർത്തിയാകും മുൻപ് ഈ കടലാസ് സ്ഥാപനത്തിന് മുൻകൂറായി പണം കൈമാറി. കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം നൽകുന്ന 94.85 കോടി രൂപയ്ക്ക് പുറമെ സംസ്ഥാന സർക്കാരിനും മുതൽമുടക്കുള്ള പദ്ധതിയിലാണ് ഈ അഴിമതി.
അധ്യാപകരുടെ കടലാസ് കമ്പനികൾ
സർവകലാശാലയിലെ ചില അധ്യാപകർ അഞ്ചിലധികം കടലാസ് കമ്പനികൾ രൂപീകരിച്ച് സർവകലാശാലയ്ക്ക് ലഭിക്കേണ്ട പ്രോജക്ടുകൾ തട്ടിയെടുക്കുന്നതായും കത്തിൽ ഗുരുതരമായ ആരോപണമുണ്ട്. സർവകലാശാലയുടെ തന്നെ സംവിധാനങ്ങളും ശമ്പളം വാങ്ങുന്ന ജീവനക്കാരെയും ഉപയോഗിച്ചാണ് ഈ സ്വകാര്യ കമ്പനികൾ പ്രവർത്തിക്കുന്നത്. ഇത് സർവകലാശാലയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.
കൂടാതെ, ഡിജിറ്റൽ സയൻസ് പാർക്കിനായി കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടം സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്ക് താമസിക്കാൻ നൽകിയതിന് പിന്നിലും സാമ്പത്തിക താൽപ്പര്യങ്ങളുണ്ടെന്നും വി.ഡി സതീശൻ ആരോപിച്ചു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പ്രത്യേക വിജിലൻസ് സംഘത്തെ ഉടൻ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.