
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട്, 2025-26 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി സംഘാടകർ അറിയിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (AIFF) ലീഗ് സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (FSDL) തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് (MRA) പുതുക്കുന്നതിലെ അനിശ്ചിതത്വമാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിൽ.
സാധാരണയായി സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയാണ് ഐഎസ്എൽ സീസൺ നടക്കാറുള്ളത്. എന്നാൽ, FSDL-ഉം AIFF-ഉം തമ്മിലുള്ള നിലവിലെ കരാർ 2025 ഡിസംബർ 8-ന് അവസാനിക്കും. ഇത് അടുത്ത സീസൺ തുടങ്ങി ഏകദേശം മൂന്ന് മാസം പിന്നിടുമ്പോഴാണ്. ഈ സാഹചര്യത്തിൽ പുതിയ കരാർ സംബന്ധിച്ച് വ്യക്തതയില്ലാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് FSDL, ഐഎസ്എൽ ക്ലബ്ബുകളെഴുതിയ കത്തിൽ വ്യക്തമാക്കി.
“ഡിസംബറിന് ശേഷം ഒരു പുതിയ കരാർ ചട്ടക്കൂട് ഉറപ്പില്ലാത്ത സാഹചര്യത്തിൽ, 2025-26 ഐഎസ്എൽ സീസൺ ഫലപ്രദമായി ആസൂത്രണം ചെയ്യാനോ സംഘടിപ്പിക്കാനോ വാണിജ്യവൽക്കരിക്കാനോ ഞങ്ങൾക്ക് കഴിയില്ല,” FSDL കത്തിൽ പറയുന്നു. “അതിനാൽ, നിലവിലെ കരാർ കാലാവധിക്ക് ശേഷമുള്ള ഘടനയെക്കുറിച്ച് കൂടുതൽ വ്യക്തത വരുന്നതുവരെ 2025-26 സീസണുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും മത്സരങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണെന്നും ഖേദപൂർവ്വം അറിയിക്കുന്നു.”
സുപ്രീം കോടതിയുടെ ഒരു നിർദ്ദേശം നിലവിലുള്ളതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. എഐഎഫ്എഫിന്റെ ഭരണഘടനയുമായി ബന്ധപ്പെട്ട കേസിൽ അന്തിമ വിധി വരുന്നതുവരെ, വാണിജ്യ പങ്കാളിയായ FSDL-മായി പുതിയ കരാർ ചർച്ചകളിൽ ഏർപ്പെടരുതെന്ന് സുപ്രീം കോടതി ഫെഡറേഷനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതാണ് കരാർ പുതുക്കൽ നടപടികൾ വൈകാൻ ഇടയാക്കിയത്.
കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ക്ലബ്ബുകൾക്ക് 60%, FSDL-ന് 26%, AIFF-ന് 14% എന്നിങ്ങനെ ഉടമസ്ഥാവകാശം നൽകുന്ന ഒരു പുതിയ ഘടനയും ചർച്ചയിലുണ്ടായിരുന്നു എന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
2010-ൽ 15 വർഷത്തേക്കാണ് FSDL, എഐഎഫ്എഫുമായി കരാർ ഒപ്പിട്ടത്. ഈ കരാർ പ്രകാരം, FSDL വർഷം തോറും 50 കോടി രൂപ ഫെഡറേഷന് നൽകുന്നു. ഇതിന് പകരമായി ഇന്ത്യൻ ഫുട്ബോളിന്റെ സംപ്രേക്ഷണം, നടത്തിപ്പ്, വാണിജ്യപരമായ അവകാശങ്ങൾ എന്നിവ FSDL-നാണ്. ഇന്ത്യൻ ദേശീയ ടീമിന്റെ അവകാശങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ തുകയാണ് ഫെഡറേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും വികസന പദ്ധതികൾക്കും പ്രധാന ആശ്രയം.
കരാറിൽ വ്യക്തത വരാതെ അടുത്ത സീസൺ ആരംഭിക്കില്ലെന്ന് FSDL നേരത്തെ തന്നെ ക്ലബ്ബ് ഉടമകളെ വാക്കാൽ അറിയിച്ചിരുന്നു. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സുതാര്യമായി വിവരങ്ങൾ തുടർന്നും അറിയിക്കുമെന്നും FSDL ക്ലബ്ബുകൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.