
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായ റഫാൽ യുദ്ധവിമാനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി, ഇസ്രയേലിൽ നിന്നുള്ള ‘എക്സ് ഗാർഡ്’ (X Guard) ഡെക്കോയ് സംവിധാനം വേഗത്തിൽ ലഭ്യമാക്കാൻ ഇന്ത്യ നീക്കങ്ങൾ ഊർജ്ജിതമാക്കി. ശത്രു മിസൈലുകളെ വഴിതെറ്റിച്ച് വിമാനങ്ങളെ സംരക്ഷിക്കാൻ കെൽപ്പുള്ള ഈ സംവിധാനം, പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളും വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും കാരണം വൈകിയിരുന്നു.
എന്താണ് ‘എക്സ് ഗാർഡ്’? ഇസ്രയേലിലെ ‘റാഫേൽ’ കമ്പനി നിർമ്മിക്കുന്ന, യുദ്ധവിമാനങ്ങളിൽ ഘടിപ്പിക്കാവുന്ന ഒരു നൂതന സുരക്ഷാ സംവിധാനമാണിത്. ഉയർന്ന അപകട സാധ്യതയുള്ള ദൗത്യങ്ങളിൽ, ഈ ഉപകരണം വിമാനത്തിൽ നിന്ന് പുറത്തേക്ക് വിടുകയും ഒരു ഫൈബർ-ഒപ്റ്റിക് കേബിൾ വഴി വിമാനവുമായി ബന്ധം നിലനിർത്തുകയും ചെയ്യും. ഇത് യുദ്ധവിമാനത്തിന്റെ അതേ സിഗ്നലുകൾ പുറപ്പെടുവിക്കുന്നതിനാൽ, വിമാനത്തെ ലക്ഷ്യമാക്കി വരുന്ന കരയിൽ നിന്നും ആകാശത്തുനിന്നുമുള്ള മിസൈലുകളെ തന്നിലേക്ക് ആകർഷിച്ച് വഴിതെറ്റിക്കുന്നു. ഇതോടെ യഥാർത്ഥ വിമാനം സുരക്ഷിതമായി ലക്ഷ്യം ഭേദിച്ച് മുന്നോട്ട് നീങ്ങും. ദൗത്യം പൂർത്തിയായ ശേഷം ഈ ഉപകരണം വിമാനത്തിനുള്ളിലേക്ക് തിരികെ എടുക്കാനും സാധിക്കും.
അടിയന്തര ആവശ്യകത ശത്രുരാജ്യങ്ങളുടെ വ്യോമാതിർത്തിയിൽ സുരക്ഷിതമായി പ്രവർത്തിക്കാൻ റഫാൽ വിമാനങ്ങൾക്ക് ഈ സംവിധാനം അത്യന്താപേക്ഷിതമാണ്. ‘എക്സ് ഗാർഡ്’ സംവിധാനം ഇതിനകം തന്നെ റഫാൽ വിമാനങ്ങളുമായി സംയോജിപ്പിച്ച് പരീക്ഷിച്ചിട്ടുണ്ടെങ്കിലും, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഇതിന്റെ കൈമാറ്റത്തെ ബാധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സംവിധാനം വേഗത്തിൽ ലഭ്യമാക്കാൻ ഇന്ത്യ സമ്മർദ്ദം ശക്തമാക്കുന്നത്.
ഇസ്രയേലി വ്യോമസേന വ്യാപകമായി ഉപയോഗിക്കുന്ന ഈ സംവിധാനം, ഇന്ത്യൻ വ്യോമസേനയുടെ റഫാൽ വ്യൂഹത്തിന് കൂടുതൽ കരുത്തും ആത്മവിശ്വാസവും നൽകും. ‘ഓപ്പറേഷൻ സിന്ദൂർ’ പോലുള്ള ദൗത്യങ്ങളിൽ ബഹവൽപൂർ, മുരിദ്കെ എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങൾ കൃത്യതയോടെ തകർത്ത റഫാൽ വിമാനങ്ങൾക്ക്, ഇന്ത്യയുടെ ആവശ്യാനുസരണം ഹെൽമറ്റ് മൗണ്ടഡ് ഡിസ്‌പ്ലേ, ഇൻഫ്രാ റെഡ് സെർച്ച് ആൻഡ് ട്രാക്ക് സെൻസർ തുടങ്ങിയ നിരവധി സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.