
ആരാണ് വരുൺ മോഹൻ? ഓപ്പൺ എഐയെ ഞെട്ടിച്ച് ഗൂഗിൾ സ്വന്തമാക്കിയ കോടികളുടെ എഐ പ്രതിഭ
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെ പ്രതിഭകളെ സ്വന്തമാക്കാനുള്ള മത്സരത്തിൽ ഓപ്പൺ എഐക്ക് കനത്ത തിരിച്ചടി നൽകി ഗൂഗിളിന്റെ നിർണായക നീക്കം. എഐ സ്റ്റാർട്ടപ്പായ ‘വിൻഡ്‌സർഫി’ന്റെ (Windsurf) സഹസ്ഥാപകനും സിഇഒയുമായ വരുൺ മോഹനെയും സംഘത്തെയും ഗൂഗിൾ സ്വന്തമാക്കി. ഗൂഗിളിന്റെ എഐ ഗവേഷണ വിഭാഗമായ ഡീപ്പ്മൈൻഡിന്റെ ഭാഗമായാണ് ഈ നിയമനം.
വിൻഡ്‌സർഫുമായി 3 ബില്യൺ ഡോളറിന്റെ കരാറിന് ഓപ്പൺ എഐ ശ്രമിക്കുന്നതിനിടെയാണ്, 2.4 ബില്യൺ ഡോളറിന്റെ കരാറിലൂടെ ഗൂഗിൾ വരുൺ മോഹനെയും സഹസ്ഥാപകൻ ഡഗ്ലസ് ചെന്നിനെയും റാഞ്ചിയത്. ‘വിൻഡ്‌സർഫി’ന്റെ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള നോൺ-എക്സ്ക്ലൂസീവ് ലൈസൻസാണ് കരാറിന്റെ ഭാഗമായി ഗൂഗിളിന് ലഭിക്കുക. ഇതോടെ ഗൂഗിളിന്റെ ജെമിനി (Gemini) പ്രോജക്ടിന് കരുത്തുപകരാൻ വരുൺ മോഹനും സംഘവും ഇനി പ്രവർത്തിക്കും.
ആരാണ് വരുൺ മോഹൻ?
പ്രശസ്തമായ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (MIT) നിന്നാണ് വരുൺ മോഹൻ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എഞ്ചിനീയറിംഗിലും സംരംഭകത്വത്തിലും ഒരുപോലെ വൈദഗ്ധ്യമുള്ള വരുൺ, എഐ സഹായത്തോടെയുള്ള സോഫ്റ്റ്‌വെയർ വികസന രംഗത്തെ അതികായനായാണ് അറിയപ്പെടുന്നത്. 2025-ൽ ഗൂഗിൾ ഡീപ്പ്മൈൻഡിലേക്ക് എത്തുന്നതോടെയാണ് അദ്ദേഹം വീണ്ടും വാർത്തകളിൽ നിറയുന്നത്.
വരുൺ മോഹനും പ്രധാന ഗവേഷക സംഘവും ഗൂഗിളിന്റെ ഭാഗമായെങ്കിലും, വിൻഡ്‌സർഫ് ഒരു സ്വതന്ത്ര കമ്പനിയായി തുടർന്നും പ്രവർത്തിക്കുമെന്ന് നിയുക്ത ഇടക്കാല സിഇഒ ജെഫ് വാങ് അറിയിച്ചു.
ഗൂഗിൾ, ഓപ്പൺ എഐ പോലുള്ള ടെക് ഭീമന്മാർ മികച്ച എഐ പ്രതിഭകളെയും സാങ്കേതിക വിദ്യകളെയും സ്വന്തമാക്കാൻ നടത്തുന്ന കടുത്ത മത്സരത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായാണ് ഈ നീക്കത്തെ വ്യവസായ ലോകം വിലയിരുത്തുന്നത്.