
തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനമാണെന്നും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ എത്തുമെന്നും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് ബിജെപിയുടെ വാർഡ് തല നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഈ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ പ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു.
കഴിഞ്ഞ പതിനഞ്ച് വർഷമായി താൻ കേരള രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വ്യക്തമാക്കിയ അമിത് ഷാ, എൽഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ചു. “കേരളത്തിലെ ജനങ്ങൾ ഇരുമുന്നണികൾക്കും നിരവധി അവസരങ്ങൾ നൽകി. എന്നാൽ അക്രമവും അഴിമതിയും പ്രീണനവുമാണ് അവർ തിരികെ നൽകിയത്. ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ സമഗ്ര വികസനമാണ്, എന്നാൽ സിപിഎമ്മിന്റെ ലക്ഷ്യം അവരുടെ അണികളുടെ മാത്രം വികസനമാണ്,” അദ്ദേഹം ആരോപിച്ചു.
കേരളത്തിൽ തഴച്ചുവളർന്ന മതതീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരാണെന്നും അമിത് ഷാ അവകാശപ്പെട്ടു. പോപ്പുലർ ഫ്രണ്ടിനെതിരെ (പിഎഫ്ഐ) കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
കേരളത്തിൽ യഥാർത്ഥ മാറ്റം വരണമെങ്കിൽ ബിജെപിയെ വിജയിപ്പിക്കണമെന്നും, അതിനായി പ്രവർത്തകർ സജ്ജരാകണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.