
ആക്ഷൻ രംഗത്തിനിടെ സാഗർ സൂര്യയ്ക്ക് പരിക്ക്; താരം ആശുപത്രിയിൽ
കൊച്ചി: യുവനടൻ സാഗർ സൂര്യയ്ക്ക് സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റു. ‘പ്രകമ്പനം’ എന്ന പുതിയ സിനിമയുടെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എറണാകുളത്ത് പുരോഗമിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാകാനിരിക്കെയാണ് താരത്തിന് പരിക്കേറ്റത്. പ്രാഥമിക ചികിത്സയ്ക്കായി സാഗറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടവിവരം സാഗർ സൂര്യ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. പരിക്കേറ്റതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്, “25 ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം ഇനി ചെറിയൊരു ഷെഡ്യൂൾ ബ്രേക്ക്” എന്ന് താരം കുറിച്ചു.

‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ‘പ്രകമ്പനം’ ഒരു ഹൊറർ-കോമഡി എന്റർടെയ്‌നറാണ്. സാഗർ സൂര്യയ്‌ക്കൊപ്പം ഗണപതിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. അമീൻ, അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരൻ, അനീഷ് ഗോപാൽ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കളാണ്.