IndiaNewsTravel

ഫാസ്ടാഗ് കയ്യിൽ വെച്ചാല്‍ ബ്ലാക്ക് ലിസ്റ്റ്; ‘ലൂസ് ടാഗുകൾ’ കരിമ്പട്ടികയിലാക്കാൻ NHAI, കർശന നടപടി

ന്യൂഡൽഹി: വാഹനങ്ങളുടെ വിൻഡ്‌സ്ക്രീനിൽ ഒട്ടിക്കുന്നതിന് പകരം കയ്യിൽ കൊണ്ടുനടക്കുന്ന ‘ലൂസ് ഫാസ്ടാഗു’കൾക്കെതിരെ നടപടി കടുപ്പിച്ച് ദേശീയപാത അതോറിറ്റി (NHAI). ഇത്തരം ഫാസ്ടാഗുകൾ ഉടനടി റിപ്പോർട്ട് ചെയ്യാനും കരിമ്പട്ടികയിൽ (Blacklist) പെടുത്താനും ടോൾ പിരിവ് ഏജൻസികൾക്കും കരാറുകാർക്കും എൻഎച്ച്എഐ കർശന നിർദ്ദേശം നൽകി.

ടോൾ പ്ലാസകളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുന്നതിനുമാണ് പുതിയ നീക്കം. ആനുവൽ പാസ് സിസ്റ്റം, മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (MLFF) തുടങ്ങിയ പുതിയ സംവിധാനങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിൽ, ലൂസ് ഫാസ്ടാഗുകൾ ഉയർത്തുന്ന വെല്ലുവിളികൾ പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും എൻഎച്ച്എഐ വ്യക്തമാക്കി.

പ്രശ്നങ്ങൾ പലവിധം വാഹന ഉടമകൾ മനഃപൂർവം ഫാസ്ടാഗുകൾ വിൻഡ്‌സ്ക്രീനിൽ ഒട്ടിക്കാതിരിക്കുന്നത് ടോൾ പ്ലാസകളിലെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഇത് ടോൾ ബൂത്തുകളിൽ അനാവശ്യമായ ഗതാഗതക്കുരുക്കിനും, തെറ്റായ പണം ഈടാക്കൽ പരാതികൾക്കും, ക്ലോസ്ഡ് ലൂപ്പ് ടോളിംഗ് സംവിധാനത്തിന്റെ ദുരുപയോഗത്തിനും കാരണമാകുന്നു. ഇത് മറ്റ് ദേശീയപാത ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

നടപടി ഇങ്ങനെ പുതിയ നയമനുസരിച്ച്, ടോൾ പിരിവ് ഏജൻസികൾ ഇത്തരം ലൂസ് ഫാസ്ടാഗുകൾ ഉടനടി റിപ്പോർട്ട് ചെയ്യണം. ഇതിനായി ഒരു പ്രത്യേക ഇമെയിൽ ഐഡിയും എൻഎച്ച്എഐ സജ്ജീകരിച്ചിട്ടുണ്ട്. ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ബന്ധപ്പെട്ട ഫാസ്ടാഗുകൾ കരിമ്പട്ടികയിൽ പെടുത്താൻ എൻഎച്ച്എഐ അടിയന്തര നടപടി സ്വീകരിക്കും.

രാജ്യത്ത് 98 ശതമാനത്തിലധികം വാഹനങ്ങളിലും ഫാസ്ടാഗ് ഉപയോഗിക്കുന്നുണ്ട്. ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനത്തിൽ വിപ്ലവം സൃഷ്ടിച്ച ഫാസ്ടാഗിന്റെ കാര്യക്ഷമതയെ ‘ലൂസ് ടാഗുകൾ’ പ്രതികൂലമായി ബാധിക്കുന്നു. പുതിയ നടപടി ടോൾ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും ദേശീയപാത ഉപയോക്താക്കൾക്ക് സുഗമവും സുഖപ്രദവുമായ യാത്ര ഉറപ്പാക്കുമെന്നും എൻഎച്ച്എഐ പ്രസ്താവനയിൽ അറിയിച്ചു.