
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായ ആധാർ കാർഡ് ലഭിക്കുന്നതിനുള്ള നിയമങ്ങൾ കേന്ദ്ര സർക്കാർ കർശനമാക്കുന്നു. അനധികൃത കുടിയേറ്റക്കാർ വ്യാജരേഖകൾ ഉപയോഗിച്ച് ആധാർ നേടുന്നത് തടയുന്നതിനും, യഥാർത്ഥ ഇന്ത്യൻ പൗരന്മാർക്ക് മാത്രം ആധാർ കാർഡ് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ. യൂണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഓൺലൈൻ രേഖാ പരിശോധന ഉൾപ്പെടെയുള്ള പുതിയ സംവിധാനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്.
ഇതുവരെ, താരതമ്യേന ലളിതമായ നടപടിക്രമങ്ങളിലൂടെ മുതിർന്നവർക്കും ആധാർ കാർഡിന് അപേക്ഷിക്കാമായിരുന്നു. എന്നാൽ പുതിയ നിയമങ്ങൾ വരുന്നതോടെ ഈ പ്രക്രിയ കൂടുതൽ സങ്കീർണ്ണമാകും.
പാസ്‌പോർട്ട്, റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുടെ ഓൺലൈൻ ഡാറ്റാബേസുമായി ഒത്തുനോക്കി പരിശോധന നടത്തിയ ശേഷമായിരിക്കും ഇനി മുതൽ മുതിർന്നവർക്ക് പുതിയ ആധാർ അനുവദിക്കുക. നിലവിലുള്ള ആധാർ വിവരങ്ങൾ പുതുക്കുന്നതിനും ഈ കർശനമായ പരിശോധന ബാധകമായിരിക്കും.
ആധാർ നിയമത്തിന്റെ സെക്ഷൻ 9 പ്രകാരം, ആധാർ ഒരു പൗരത്വ രേഖയല്ല. എന്നിരുന്നാൽ പോലും, ഇന്ത്യൻ പൗരന്മാർക്ക് മാത്രമായി ആധാർ പരിമിതപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ. കഴിഞ്ഞ 15 വർഷത്തിനിടെ 140 കോടിയിലധികം ആധാർ കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്.
ജനിച്ചയുടൻ കുഞ്ഞുങ്ങൾക്ക് ആധാർ നൽകുന്ന സംവിധാനം നിലവിൽ വന്നതോടെ, മുതിർന്നവരുടെ പുതിയ എൻറോൾമെന്റുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. വ്യാജരേഖകൾ ഉപയോഗിച്ച് അനധികൃത കുടിയേറ്റക്കാർ ആധാർ നേടുന്നത് തടയാൻ, രേഖകളുടെ പരിശോധനയ്ക്കുള്ള പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകൾക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാനങ്ങൾ സാക്ഷ്യപ്പെടുത്തിയ രേഖകൾ വഴി മാത്രമേ ഇനി ആധാർ അനുവദിക്കുകയുള്ളൂ.
ആധാർ എൻറോൾമെന്റുകളിലും പുതുക്കലുകളിലും സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടാംഘട്ട പരിശോധനാ സംവിധാനവും (second-layer verification) UIDAI നടപ്പിലാക്കുന്നുണ്ട്. ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, തൊഴിലുറപ്പ് കാർഡ് തുടങ്ങിയ രേഖകളുടെ ഓൺലൈൻ ഡാറ്റാബേസുമായി അപേക്ഷകന്റെ വിവരങ്ങൾ ഒത്തുനോക്കുന്നതാണിത്.
ഭാവിയിൽ വൈദ്യുതി, വെള്ളം തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകളും ഈ പരിശോധനയുടെ ഭാഗമാകും. രാജ്യത്തെ ഏകീകൃത കെവൈസി (Know Your Customer) മാനദണ്ഡങ്ങളുമായി ചേർന്നുപോകുന്നതാണ് ഈ മാറ്റങ്ങൾ. ഇത് കൂടുതൽ സുതാര്യവും വിശ്വസനീയവുമായ ഒരു തിരിച്ചറിയൽ സംവിധാനം ഉറപ്പാക്കാൻ സഹായിക്കും.