Kerala Government NewsNews

ക്ഷാമബത്ത കുടിശ്ശിക 20 ശതമാനത്തിലേക്ക്; കനത്ത സാമ്പത്തിക നഷ്ടത്തിൽ ജീവനക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) കുടിശ്ശിക ഈ മാസത്തോടെ 20 ശതമാനമായി ഉയരും. എന്നാൽ ഈ ഭീമമായ കുടിശ്ശിക തുക ഉടൻ അനുവദിക്കാൻ സാധ്യതയില്ലെന്നും, അടുത്ത ശമ്പള പരിഷ്കരണം വരെ ജീവനക്കാർ കാത്തിരിക്കേണ്ടി വരുമെന്നും റിപ്പോർട്ട്. ഇത് കാരണം ജീവനക്കാർക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഓരോ മാസവും സംഭവിക്കുന്നത്.

നിലവിൽ അടിസ്ഥാന ശമ്പളത്തിന്റെ 15 ശതമാനമാണ് ജീവനക്കാർക്ക് ഡിഎ ആയി ലഭിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ലഭിക്കേണ്ടിയിരുന്നത് 35 ശതമാനമാണ്. ഈ വ്യത്യാസമായ 20 ശതമാനം കുടിശ്ശികയായതോടെ, 30,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന് മാസം തോറും 6,000 രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നിലവിൽ 55 ശതമാനമാണ് ഡിഎ ലഭിക്കുന്നത് എന്നതും ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്.

2022 ജൂലൈ മുതലുള്ള ഡിഎ ഗഡുക്കളാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. ഇതിനു പുറമെ, മുൻപ് അനുവദിച്ച 3 ഗഡുക്കളുടെ 39 മാസം വീതമുള്ള കുടിശ്ശികയും നൽകാനുണ്ട്, ഇത് ഇനി നൽകാൻ സാധ്യതയില്ലെന്നും സൂചനയുണ്ട്.

അതേസമയം, ആഴ്ചകൾക്കുള്ളിൽ പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സർക്കാരിന്റെ കാലാവധി അവസാനിക്കും മുൻപ് പരിഷ്കരണം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ, കമ്മീഷനോട് വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടും. കുടിശ്ശിക തുക പണമായി നൽകാതെ അടുത്ത ശമ്പള പരിഷ്കരണത്തിൽ ലയിപ്പിക്കാനാണ് സാധ്യത.

ലഭിക്കാനുള്ള ഡിഎ കുടിശ്ശികയുടെ വിശദാംശങ്ങൾ:

  • 2022 ജൂലൈ: 3%
  • 2023 ജനുവരി: 4%
  • 2023 ജൂലൈ: 3%
  • 2024 ജനുവരി: 3%
  • 2024 ജൂലൈ: 3%
  • 2025 ജനുവരി: 2%
  • 2025 ജൂലൈ: 2%
  • ആകെ: 20%