NationalNews

നടുക്കടലിൽ അമേരിക്കൻ പൗരന്മാർ; രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ നിക്കോബാർ ദ്വീപുകൾക്ക് സമീപം പ്രതികൂല കാലാവസ്ഥയിൽ കുടുങ്ങിപ്പോയ രണ്ട് അമേരിക്കൻ പൗരന്മാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ICG) സാഹസികമായി രക്ഷപ്പെടുത്തി. ‘സീ ഏഞ്ചൽ’ എന്ന അമേരിക്കൻ പായ്‌വഞ്ചിയിൽ അകപ്പെട്ടവരെ, കോസ്റ്റ് ഗാർഡിന്റെ ‘രാജ്‌വീർ’ എന്ന കപ്പലാണ് പ്രക്ഷുബ്ധമായ കടലിനെ അതിജീവിച്ച് രക്ഷപ്പെടുത്തിയത്.

ചെന്നൈയിലെ യുഎസ് കോൺസുലേറ്റിൽ നിന്ന് ലഭിച്ച അടിയന്തര സന്ദേശത്തെ തുടർന്നാണ് കോസ്റ്റ് ഗാർഡ് രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടത്. നിക്കോബാർ ദ്വീപുകളിൽ നിന്ന് ഏകദേശം 53 മൈൽ തെക്ക്, നടുക്കടലിലായിരുന്നു പായ്‌വഞ്ചി അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ പുറപ്പെട്ട ഐസിജി കപ്പലായ രാജ്‌വീർ, മോശം കാലാവസ്ഥയെ വകവെക്കാതെ പായ്‌വഞ്ചിക്കരികിലെത്തി അമേരിക്കൻ പൗരന്മാരെ സുരക്ഷിതമായി കപ്പലിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ മാസവും സമാനമായ രീതിയിൽ, ധനുഷ്കോടിക്ക് സമീപം മണൽത്തിട്ടയിൽ കുടുങ്ങിയ മൂന്ന് ശ്രീലങ്കൻ പൗരന്മാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയിരുന്നു. ഇന്ത്യൻ സമുദ്രാതിർത്തിയിൽ സുരക്ഷ ഉറപ്പാക്കുന്നതിലും, അപകടത്തിൽപ്പെടുന്നവരെ രക്ഷപ്പെടുത്തുന്നതിലും കോസ്റ്റ് ഗാർഡിന്റെ കാര്യക്ഷമത ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ സംഭവം.

Indian Coast Guard rescues US citizens