
ഇന്ത്യയുടെ പുതിയ അന്തർവാഹിനി വേട്ടക്കാരൻ ERASR റോക്കറ്റ് പരീക്ഷണം വിജയം
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർധിപ്പിച്ച്, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പുതിയ ആന്റി-സബ്മറൈൻ റോക്കറ്റ് (ERASR) വിജയകരമായി പരീക്ഷിച്ചു. കടലിനടിയിൽ ഒളിച്ചിരിക്കുന്ന ശത്രു അന്തർവാഹിനികളെ ദീർഘദൂരത്തുനിന്ന് കണ്ടെത്തി നശിപ്പിക്കാൻ ശേഷിയുള്ള ‘എക്സ്റ്റൻഡഡ് റേഞ്ച് ആന്റി-സബ്മറൈൻ റോക്കറ്റ്’ (ERASR) ആണ് ഐഎൻഎസ് കവരത്തിയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചത്.
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ (DRDO), ഇന്ത്യൻ നാവികസേന, മറ്റ് ഇന്ത്യൻ വ്യവസായ പങ്കാളികൾ എന്നിവർ ചേർന്നാണ് ഈ പുതിയ ആയുധം വികസിപ്പിച്ചത്. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ സംഘത്തെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. ഈ പുതിയ റോക്കറ്റ് നാവികസേനയുടെ ഭാഗമാകുന്നതോടെ, സേനയുടെ ആക്രമണ ശേഷി പതിന്മടങ്ങ് വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘ഓപ്പറേഷൻ സിന്ദൂറി’ന് ശേഷം ഇന്ത്യൻ ആയുധങ്ങൾക്ക് പ്രിയമേറുന്നു
‘ഓപ്പറേഷൻ സിന്ദൂർ’ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ, ഇന്ത്യൻ നിർമ്മിത ആയുധങ്ങൾക്ക് ആഗോളതലത്തിൽ ആവശ്യക്കാർ ഏറിവരികയാണെന്ന് രാജ്നാഥ് സിംഗ് മറ്റൊരു ചടങ്ങിൽ പറഞ്ഞു.

ലോകത്തെ സൈനിക ചെലവ് 2.7 ട്രില്യൺ ഡോളർ കടന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ മുന്നിൽ വലിയൊരു വിപണിയാണ് തുറന്നുകിടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പാണ് ERASR പോലുള്ള തദ്ദേശീയ ആയുധങ്ങളുടെ വിജയം.