
പാലക്കാട്: പാലക്കാട് പൊൽപ്പുള്ളിയിൽ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. മൂന്ന് കുട്ടികളും ഇവരുടെ അമ്മയും മുത്തശ്ശിയുമാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.
പൊൽപ്പുള്ളി അത്തിക്കോട് പുളക്കാട് പരേതനായ മാർട്ടിന്റെ ഭാര്യ എൽസി മാർട്ടിൻ (37), ഇവരുടെ മക്കളായ അലീന (10), ആൽഫിൻ (6), എമി (4), മാർട്ടിന്റെ അമ്മ ഡെയ്സി (65) എന്നിവർക്കാണ് പൊള്ളലേറ്റത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
സ്വകാര്യ ആശുപത്രിയിലെ നഴ്സായ എൽസി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കുട്ടികളുമായി പുറത്തേക്ക് പോകാനായി വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മാരുതി കാർ സ്റ്റാർട്ട് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. എൽസിയും മൂത്ത മകളും മുൻസീറ്റിലും മറ്റ് രണ്ട് കുട്ടികൾ പിൻസീറ്റിലുമായിരുന്നു. കാർ സ്റ്റാർട്ട് ചെയ്തയുടൻ തീ പടരുകയും ഇവർ കാറിനുള്ളിൽ കുടുങ്ങിപ്പോവുകയുമായിരുന്നു. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുത്തശ്ശി ഡെയ്സിക്ക് പൊള്ളലേറ്റത്.
ഗുരുതരമായി പൊള്ളലേറ്റ കുട്ടികളിൽ രണ്ട് പേരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് 90 ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.