NationalNews

ടാറ്റയ്ക്ക് കൈകൊടുത്തു, നീതി ആയോഗിനോട് ഇടഞ്ഞു; ഒരേ ദിവസം മമത ബാനർജിയുടെ രണ്ട് രാഷ്ട്രീയ മുഖങ്ങൾ

കൊൽക്കത്ത: സിംഗൂരിൽ നിന്ന് ടാറ്റയെ തുരത്തിയോടിച്ച പ്രക്ഷോഭത്തിന് 17 വർഷങ്ങൾക്ക് ശേഷം, അതേ ടാറ്റയുടെ സാരഥിക്ക് മുന്നിൽ ചുവപ്പ് പരവതാനി വിരിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനുമായി മമത നടത്തിയ കൂടിക്കാഴ്ച, സംസ്ഥാനത്തെ പുതിയ വ്യവസായ സാധ്യതകളിലേക്കുള്ള വാതിൽ തുറക്കുമ്പോൾ, അതേ ദിവസം തന്നെ ഭൂപടത്തിലെ പിഴവിന്റെ പേരിൽ കേന്ദ്ര സർക്കാരിന്റെ നീതി ആയോഗിനെതിരെ ആഞ്ഞടിച്ച് തന്റെ പോരാളിയുടെ മുഖവും മമത പുറത്തെടുത്തു.

ബുധനാഴ്ച ഹൗറയിലെ സംസ്ഥാന സെക്രട്ടേറിയറ്റായ നബന്നയിലായിരുന്നു ചന്ദ്രശേഖരനുമായുള്ള മമതയുടെ കൂടിക്കാഴ്ച. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് മമത ഒരു ടാറ്റാ ഗ്രൂപ്പ് തലവനുമായി ചർച്ച നടത്തുന്നത്. ബംഗാളിലെ വ്യവസായ വളർച്ചയും പുതിയ നിക്ഷേപ സാധ്യതകളും ചർച്ചയായതായി തൃണമൂൽ കോൺഗ്രസ് അറിയിച്ചു.

സിംഗൂരിൽ നിന്ന് നബന്നയിലേക്ക്

2006-ൽ ടാറ്റാ നാനോ കാർ നിർമ്മാണത്തിനായി സിംഗൂരിൽ സ്ഥലം അനുവദിച്ചതിനെതിരെ മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക പ്രക്ഷോഭമാണ് അന്നത്തെ ഇടത് സർക്കാരിനെ പിടിച്ചുലച്ചത്. ഒടുവിൽ, 2008-ൽ രത്തൻ ടാറ്റ പദ്ധതി ബംഗാളിൽ നിന്ന് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ആ അവസരം മുതലെടുത്ത് നാനോയെ സാനന്ദിലേക്ക് ക്ഷണിച്ചു. വർഷങ്ങൾക്കിപ്പുറം, അതേ മമത ടാറ്റയെ ബംഗാളിലേക്ക് വീണ്ടും ക്ഷണിക്കുമ്പോൾ, അത് സംസ്ഥാന രാഷ്ട്രീയത്തിലെ ഒരു പുതിയ അധ്യായത്തിനാണ് തുടക്കമിടുന്നത്.

നീതി ആയോഗിനോട് ‘നീതികേട്’ വേണ്ട

ടാറ്റയുമായുള്ള ചർച്ചകൾക്ക് പിന്നാലെയാണ് നീതി ആയോഗിനെതിരെ മമത ആഞ്ഞടിച്ചത്. പശ്ചിമ ബംഗാളിനായി തയ്യാറാക്കിയ ഒരു റിപ്പോർട്ടിലെ ഭൂപടത്തിൽ, സംസ്ഥാനത്തിന്റെ സ്ഥാനത്ത് ബിഹാറിനെ അടയാളപ്പെടുത്തിയതാണ് മമതയെ ചൊടിപ്പിച്ചത്. ഇത് വെറുമൊരു സാങ്കേതിക പിഴവല്ലെന്നും, ബംഗാളിന്റെ സ്വത്വത്തിനും അന്തസ്സിനും നേരെയുള്ള കടന്നുകയറ്റമാണെന്നും നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ കെ. ബെറിക്ക് അയച്ച കത്തിൽ മമത രൂക്ഷമായി വിമർശിച്ചു. നീതി ആയോഗിന്റെ പ്രവർത്തനങ്ങളിലെ വിശ്വാസ്യതയെയും ആധികാരികതയെയും ഇത് ചോദ്യം ചെയ്യുന്നുവെന്നും, അവർ വ്യക്തമായ ക്ഷമാപണം നടത്തണമെന്നും മമത ആവശ്യപ്പെട്ടു.

ഒരേ ദിവസം, വ്യവസായത്തെ സ്വാഗതം ചെയ്യുന്ന ഭരണാധികാരിയുടെയും, സംസ്ഥാനത്തിന്റെ അഭിമാനത്തിന് വേണ്ടി പോരാടുന്ന നേതാവിന്റെയും വേഷങ്ങൾ അണിഞ്ഞ മമത, തന്റെ രാഷ്ട്രീയ വഴികൾ പ്രവചനാതീതമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ്.