
കിം ജോങ് ഉന്നിന്റെ പിൻഗാമി മകളോ? ഉത്തര കൊറിയയെ ഇനി ഭരിക്കുക 13-കാരി കിം ജു എ?
പ്യോങ്‌യാങ്: ലോകത്തിലെ ഏറ്റവും നിഗൂഢമായ രാജ്യങ്ങളിലൊന്നായ ഉത്തര കൊറിയയുടെ ഭരണസിരാകേന്ദ്രങ്ങളിൽ പുതിയൊരു ചരിത്രം കുറിക്കപ്പെടുകയാണോ? ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിൻഗാമിയായി അദ്ദേഹത്തിന്റെ 13 വയസ്സുകാരിയായ മകൾ കിം ജു എ എത്തുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നു.
കിം ജോങ് ഉന്നിനൊപ്പം എല്ലാ പ്രധാന പൊതുവേദികളിലും മകളുടെ സാന്നിധ്യം വർധിച്ചതോടെയാണ്, രാജ്യത്തിന്റെ ആദ്യ വനിതാ ഭരണാധികാരിയായി കിം ജു എയെ പിതാവ് ഒരുക്കുകയാണെന്ന് ദക്ഷിണ കൊറിയൻ ഇന്റലിജൻസ് ഏജൻസികൾ വിലയിരുത്തുന്നത്.
അടുത്തിടെ, റഷ്യക്ക് വേണ്ടി യുക്രെയ്നിൽ പോരാടി മരിച്ച ഉത്തര കൊറിയൻ സൈനികരുടെ ശവപ്പെട്ടികൾക്ക് മുന്നിൽ കിം ജോങ് ഉൻ മുട്ടുകുത്തി ആദരാഞ്ജലി അർപ്പിച്ചപ്പോൾ, അദ്ദേഹത്തിന്റെ തൊട്ടരികിൽ കിം ജു എയും ഉണ്ടായിരുന്നു. 2022-ൽ അമേരിക്കയെ വരെ എത്തുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണ ചടങ്ങിലാണ് കിം ജു എ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് പുതിയ യുദ്ധക്കപ്പലിന്റെ നീറ്റിലിറക്കൽ ചടങ്ങ് മുതൽ വാട്ടർ പാർക്കിന്റെ ഉദ്ഘാടനം വരെ എല്ലാ പരിപാടികളിലും കിം ജു എ പിതാവിനൊപ്പം നിഴലുപോലെ അനുഗമിക്കുന്നുണ്ട്.

കിം ജു എ എന്ന ‘രഹസ്യം’
കിം ജോങ് ഉന്നിന് മൂന്ന് മക്കളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, കിം ജു എയെ മാത്രമാണ് ലോകം ഇതുവരെ കണ്ടിട്ടുള്ളത്. അവളുടെ കൃത്യമായ പ്രായം പോലും പുറംലോകത്തിന് അറിയില്ല, ഏകദേശം 13 വയസ്സായിരിക്കാമെന്നാണ് നിഗമനം. 2013-ൽ മുൻ എൻബിഎ താരം ഡെന്നിസ് റോഡ്മാൻ ഉത്തര കൊറിയ സന്ദർശിച്ചപ്പോൾ, കിമ്മിന്റെ കൈക്കുഞ്ഞിനെ താൻ എടുത്തു എന്ന് പറഞ്ഞതോടെയാണ് ‘ജു എ’ എന്ന പേര് പോലും ലോകം ആദ്യമായി കേൾക്കുന്നത്.

എന്തുകൊണ്ട് ഇപ്പോൾ?
ചെറിയ പ്രായത്തിൽ തന്നെ മകളെ പൊതുവേദികളിൽ അവതരിപ്പിക്കുന്നതിന് പിന്നിൽ കിമ്മിന് വ്യക്തമായ രണ്ട് ലക്ഷ്യങ്ങളുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഒന്ന്, തനിക്ക് ശേഷവും കിം കുടുംബത്തിന്റെ ഭരണം തുടരുമെന്ന സന്ദേശം നൽകുക. രണ്ട്, ചെറിയൊരു പെൺകുട്ടിയെ പിൻഗാമിയായി അവതരിപ്പിക്കുന്നതിലൂടെ, തനിക്കെതിരെ പാർട്ടിയിൽ മറ്റ് അധികാര കേന്ദ്രങ്ങളോ ചേരികളോ രൂപപ്പെടാനുള്ള സാധ്യത ഇല്ലാതാക്കുക.
1948-ൽ രാജ്യം സ്ഥാപിച്ചത് മുതൽ കിം കുടുംബത്തിലെ പുരുഷന്മാരാണ് മൂന്ന് തലമുറയായി ഉത്തര കൊറിയ ഭരിക്കുന്നത്. ഈ പാരമ്പര്യം തെറ്റിച്ച് കിം ജു എ അധികാരത്തിലെത്തിയാൽ, അത് ഉത്തര കൊറിയയുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായമായിരിക്കും.