
ഭിന്നശേഷി ജീവനക്കാർക്ക് ഫെയ്സ് റെക്കഗ്നിഷൻ പഞ്ചിംഗിൽ ഇളവ് അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ നടപ്പാക്കുന്ന പുതിയ ഫെയ്സ് റെക്കഗ്നിഷൻ പഞ്ചിംഗ് സംവിധാനത്തിൽ നിന്ന് പ്രത്യേക പരിഗണന അർഹിക്കുന്ന ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. പ്രത്യേകമായ പ്രയാസങ്ങൾ അനുഭവിക്കുന്നവരും, ഹൈ-സപ്പോർട്ട് ആവശ്യമുള്ളവരുമായ ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
നേരത്തെ, സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിൽ നിന്ന് ഈ വിഭാഗം ജീവനക്കാരെ ഒഴിവാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ മുഖം തിരിച്ചറിഞ്ഞുള്ള മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള പഞ്ചിംഗിൽ നിന്നും ഇവരെ ഒഴിവാക്കുന്നത്.
സർക്കാർ ഓഫീസുകളിൽ ഫെയ്സ് റെക്കഗ്നിഷൻ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് പൊതുഭരണ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
2016-ലെ ഭിന്നശേഷി അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആനുകൂല്യം അനുവദിക്കുന്നത്. സർക്കാർ നടപടി ഭിന്നശേഷി ജീവനക്കാർക്ക് വലിയ ആശ്വാസമാകും. ഉത്തരവിന്റെ പകർപ്പ് എല്ലാ വകുപ്പ് മേധാവികൾക്കും, ജില്ലാ കളക്ടർമാർക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും കൈമാറിയിട്ടുണ്ട്.