
ഒരു മാസത്തെ ‘താമസം’ കഴിഞ്ഞ് F-35 പറന്നുമടങ്ങും; പാർക്കിംഗ് ഫീസ് മാത്രം ലക്ഷങ്ങൾ!
തിരുവനന്തപുരം: തലസ്ഥാനത്ത് ഒരു മാസത്തോളം ‘അതിഥി’യായി കഴിഞ്ഞ്, ട്രോളുകളിലും പരസ്യങ്ങളിലും താരമായി മാറിയ ബ്രിട്ടീഷ് എഫ്-35ബി യുദ്ധവിമാനം മടങ്ങാനൊരുങ്ങുന്നു. വിമാനത്തിന്റെ സാങ്കേതിക തകരാറുകൾ ബ്രിട്ടീഷ് എഞ്ചിനീയർമാർ പരിഹരിച്ചതായും, അടുത്ത ആഴ്ചയോടെ വിമാനം ബ്രിട്ടനിലേക്ക് തിരികെ പറക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജൂൺ 14-നാണ് ഇന്ത്യൻ നാവികസേനയുമായുള്ള സൈനികാഭ്യാസത്തിനിടെ എഫ്-35 വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്. തകരാർ പരിഹരിക്കാൻ കഴിയാതെ വന്നാൽ, വിമാനം ഭാഗങ്ങളായി അഴിച്ച് ചരക്ക് വിമാനത്തിൽ കൊണ്ടുപോകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അത് തള്ളിക്കളഞ്ഞിരുന്നു.
വാടകച്ചർച്ചകളും വൈറൽ താരവും
വിമാനം മടങ്ങാനൊരുങ്ങുമ്പോൾ, അതിന്റെ പാർക്കിംഗ് ഫീസിനെക്കുറിച്ചുള്ള ചർച്ചകളും സജീവമായി. വിഐപി വിമാനങ്ങൾ പാർക്ക് ചെയ്യുന്ന ‘ബേ 4’-ലാണ് ഒരു മാസത്തോളം എഫ്-35 കിടന്നത്. വിമാനത്തിന്റെ ഭാരം അനുസരിച്ച്, പ്രതിദിനം ഏകദേശം 26,000 രൂപയിലധികം പാർക്കിംഗ് ഫീസ് വന്നേക്കാമെന്നാണ് കണക്കാക്കുന്നത്. അതായത് ഒരു മാസത്തേക്ക് എട്ടു ലക്ഷത്തോളം രൂപ. എന്നാൽ, ഇതൊരു പോർവിമാനമായതിനാൽ, ഫീസിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരായിരിക്കും അന്തിമ തീരുമാനമെടുക്കുക.
കേരളത്തിൽ കുടുങ്ങിപ്പോയ ഈ സാഹചര്യം കേരള ടൂറിസം ഉൾപ്പെടെ നിരവധി ബ്രാൻഡുകൾ തങ്ങളുടെ പരസ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. “കേരളം നിങ്ങൾ ഒരിക്കലും വിട്ടുപോകാൻ ആഗ്രഹിക്കാത്ത ഒരിടം” എന്ന തലക്കെട്ടോടെ കേരള ടൂറിസം പങ്കുവെച്ച പരസ്യം ഏറെ ശ്രദ്ധ നേടിയിരുന്നു. ആഴ്ചകളോളം വെയിലും മഴയുമേറ്റതിന് ശേഷമാണ് കഴിഞ്ഞ ദിവസം വിമാനം അറ്റകുറ്റപ്പണികൾക്കായി ഹാംഗറിലേക്ക് മാറ്റിയത്.