
വിവരാവകാശം മുടക്കാൻ ചീഫ് സെക്രട്ടറിയുടെ നിയമവിരുദ്ധ ഇടപെടൽ; ഗുരുതര ആരോപണവുമായി പ്രശാന്ത് ഐഎഎസ്
തിരുവനന്തപുരം: സസ്പെൻഷനിൽ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത്, സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും രംഗത്ത്. താൻ സമർപ്പിച്ച വിവരാവകാശ അപേക്ഷകളിൽ മറുപടി നൽകുന്നത് തടയാനായി ഡോ. ജയതിലക് നിയമവിരുദ്ധമായി ഇടപെടുന്നുവെന്ന് എൻ. പ്രശാന്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
പൊതുപണിമുടക്ക് ദിനമായ ഇന്ന് (ബുധനാഴ്ച) രാവിലെ, ഡോ. ജയതിലക് എല്ലാ സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസർമാരുടെയും (SIO) യോഗം വിളിച്ചുവരുത്തി നിയമവിരുദ്ധമായ നിർദ്ദേശങ്ങൾ നൽകിയെന്നാണ് പ്രശാന്തിന്റെ പ്രധാന ആരോപണം. തനിക്ക് നൽകുന്ന മറുപടികൾ ഡോ. ജയതിലകിനെ കാണിച്ച് അനുമതി വാങ്ങിയ ശേഷമേ നൽകാവൂ എന്നും, മറുപടി പരമാവധി താമസിപ്പിക്കുകയോ നിഷേധിക്കുകയോ ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചതായി യോഗത്തിൽ പങ്കെടുത്തവർ അറിയിച്ചുവെന്നും പ്രശാന്ത് പറയുന്നു.
വിവരാവകാശ നിയമപ്രകാരം മറുപടി നൽകാനുള്ള പൂർണ്ണ അധികാരം സ്റ്റാറ്റ്യൂട്ടറി അതോറിറ്റിയായ എസ്ഐഒമാർക്കാണെന്നും, അപ്പീൽ അതോറിറ്റി പോലുമല്ലാത്ത ഡോ. ജയതിലകിന് ഇതിൽ കൈകടത്താൻ അധികാരമില്ലെന്നും പ്രശാന്ത് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ചോദിച്ചത് കള്ളക്കളികൾ
ഡോ. ജയതിലക് ഫയലുകളിൽ കൃത്രിമം കാണിച്ചതിന്റെയും, ഇ-ഓഫീസിൽ തിരിമറി നടത്തിയതിന്റെയും, മറ്റ് ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ഉപയോഗിച്ച് രേഖകളിൽ കൃത്രിമം കാണിച്ചതിന്റെയും വിവരങ്ങളാണ് താൻ വിവരാവകാശ പ്രകാരം ചോദിച്ചിട്ടുള്ളതെന്ന് പ്രശാന്ത് വെളിപ്പെടുത്തി. ഇത് ഐടി നിയമപ്രകാരം ക്രിമിനൽ കുറ്റമാണ്. ഈ തെളിവുകൾ നശിപ്പിക്കാനും കുറ്റം ഒളിപ്പിച്ചുവെക്കാനും കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടി വരുമെന്ന് പ്രശാന്ത് മുന്നറിയിപ്പ് നൽകുന്നു.
“ചോദ്യങ്ങൾക്ക് നിയമാനുസരണം മറുപടി നൽകി മുന്നോട്ട് പോകാം. നമുക്ക് നാളെയും കാണേണ്ടതല്ലേ? ഡോ. ജയതിലക് ചുടുചോറ് വാരാൻ പറയും, വാരാതിരിക്കുന്നതാണ് ബുദ്ധി,” എന്ന് പറഞ്ഞാണ് പ്രശാന്ത് തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.