FootballSports

ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ ലയണൽ മെസ്സിയും സൗദിയിലേക്ക്; ചർച്ചകൾ സജീവം

റിയാദ്: ഫുട്ബോൾ ലോകത്തെ വീണ്ടും ആവേശത്തിലാഴ്ത്തിക്കൊണ്ട് ഇതിഹാസ താരം ലയണൽ മെസ്സി സൗദി പ്രോ ലീഗിലേക്ക് ചേക്കേറിയേക്കുമെന്ന് റിപ്പോർട്ടുകൾ. സൗദി ക്ലബ്ബായ അൽ-അഹ്ലി, മെസ്സിയെ തങ്ങളുടെ ടീമിലെത്തിക്കാൻ സജീവമായി രംഗത്തുണ്ടെന്നാണ് പ്രമുഖ ഫ്രഞ്ച് മാധ്യമം ‘എൽ എക്വിപ്’ റിപ്പോർട്ട് ചെയ്യുന്നത്. ഈ ട്രാൻസ്ഫർ യാഥാർത്ഥ്യമായാൽ, വർഷങ്ങൾക്ക് ശേഷം മെസ്സി – ക്രിസ്റ്റ്യാനോ റൊണാൾഡോ പോരാട്ടത്തിന് സൗദി അറേബ്യ വേദിയാകും.

2025 അവസാനം വരെ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയുമായി മെസ്സിക്ക് കരാറുണ്ടെങ്കിലും, അൽ-അഹ്ലി ആഴ്ചകളായി താരത്തെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ ശ്രമം നടത്തുകയാണ്. റോബർട്ടോ ഫിർമിനോ, റിയാദ് മെഹ്‌റസ്, ഇവാൻ ടോണി തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ശക്തമായ ടീമാണ് അൽ-അഹ്ലിയുടേത്.

2023-ൽ സൗദി ക്ലബ്ബായ അൽ-ഹിലാൽ മുന്നോട്ടുവെച്ച റെക്കോർഡ് തുകയുടെ വാഗ്ദാനം മെസ്സി നിരസിച്ചിരുന്നു. എന്നാൽ ഇത്തവണ താരത്തെ സൗദിയിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അൽ-അഹ്ലി. ക്രിസ്റ്റ്യാനോ റൊണാൾഡോ 2027 വരെ അൽ-നസർ ക്ലബ്ബിൽ തുടരാൻ കരാർ പുതുക്കിയതിനാൽ, മെസ്സി കൂടി സൗദി ലീഗിലെത്തിയാൽ അത് ലോക ഫുട്ബോളിലെ ഏറ്റവും വലിയ ആകർഷണമായി മാറും.

ഇന്റർ മയാമിക്ക് വേണ്ടി 64 മത്സരങ്ങളിൽ നിന്ന് 52 ഗോളുകളും 25 അസിസ്റ്റുകളും നേടി മിന്നും ഫോമിലാണ് മെസ്സി. നിലവിൽ എംഎൽഎസ്സിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരവും മെസ്സിയാണ്. ഫുട്ബോൾ ആരാധകർ ആകാംഷയോടെയാണ് ഈ ട്രാൻസ്ഫർ വാർത്തകളെ ഉറ്റുനോക്കുന്നത്.