DefenceNews

റഫാലിനെ തൊട്ടില്ല, പാകിസ്ഥാൻ വീണത് ഇന്ത്യയുടെ ‘കെണി’യിൽ; ഓപ്പറേഷൻ സിന്ദൂറിലെ ബുദ്ധിപരമായ നീക്കം

ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിക്കിടെ പാകിസ്ഥാൻ തങ്ങളുടെ റഫാൽ യുദ്ധവിമാനം വെടിവെച്ചിട്ടു എന്ന പ്രചാരണത്തിന് പിന്നിൽ ഇന്ത്യൻ വ്യോമസേനയുടെ ബുദ്ധപരമായ ഒരു കെണിയായിരുന്നുവെന്ന് റിപ്പോർട്ടുകൾ. റഫാലിന്റെ എക്സ്-ഗാർഡ് (X-Guard) എന്ന എഐ (AI) സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഡികോയ് (Decoy) സംവിധാനം ഉപയോഗിച്ചാണ് ഇന്ത്യ പാകിസ്ഥാനെ കബളിപ്പിച്ചത്. ഇതോടെ, ആധുനിക ഇലക്ട്രോണിക് യുദ്ധതന്ത്രങ്ങളിൽ ഇന്ത്യ പുതിയ ചരിത്രം കുറിക്കുകയാണെന്നാണ് പ്രതിരോധ വിദഗ്ദ്ധരുടെ വിലയിരുത്തൽ.

എന്താണ് എക്സ്-ഗാർഡ്?

റഫാൽ യുദ്ധവിമാനത്തിന്റെ ഇലക്ട്രോണിക് യുദ്ധ സംവിധാനത്തിന്റെ (Electronic Warfare Suite) ഭാഗമായ, ഫൈബർ-ഒപ്റ്റിക് ഉപയോഗിച്ച് വിമാനത്തിന് പിന്നിൽ ഘടിപ്പിക്കുന്ന ഒരു കെണിയാണിത്. റഡാറുകളുടെ സഹായത്തോടെ വരുന്ന ശത്രു മിസൈലുകളെ വഴിതെറ്റിക്കുകയാണ് ഇതിന്റെ പ്രധാന ദൗത്യം.

വിമാനത്തിൽ നിന്ന് പുറത്തുവിടുന്ന ഈ ഉപകരണം, ഒരു റഫാൽ വിമാനത്തിന്റേതിന് സമാനമായ റഡാർ സിഗ്നലുകളും ഡോപ്ലർ ഇഫക്റ്റും കൃത്രിമമായി സൃഷ്ടിക്കും. ഇതോടെ, ശത്രു റഡാറുകളും മിസൈലുകളും യഥാർത്ഥ വിമാനത്തിന് പകരം ഈ ഡികോയ് ഉപകരണത്തെ ലക്ഷ്യം വെക്കുകയും, അതിൽ പതിക്കുകയും ചെയ്യും. ദൗത്യം കഴിഞ്ഞാൽ ഇത് വിമാനത്തിനുള്ളിലേക്ക് തന്നെ തിരിച്ചെടുക്കാനും സാധിക്കും.

പാകിസ്ഥാനെ കബളിപ്പിച്ചത് ഇങ്ങനെ

അമേരിക്കൻ വ്യോമസേനാ പൈലറ്റായ റയാൻ ബോഡൻഹൈമറുടെ വിശകലനം അനുസരിച്ച്, ലോകം കണ്ട ഏറ്റവും മികച്ച കബളിപ്പിക്കൽ തന്ത്രങ്ങളിലൊന്നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിൽ പ്രയോഗിച്ചത്. പാകിസ്ഥാൻ ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിത ജെ-10സി യുദ്ധവിമാനങ്ങളിലെ റഡാറുകളെയും, പിഎൽ-15ഇ മിസൈലുകളെയും എക്സ്-ഗാർഡ് പൂർണ്ണമായും കബളിപ്പിച്ചു. പാകിസ്ഥാൻ റഫാലിനെതിരെ മിസൈൽ തൊടുത്തപ്പോൾ, അത് പതിച്ചത് യഥാർത്ഥ വിമാനത്തിലായിരുന്നില്ല, മറിച്ച് എക്സ്-ഗാർഡ് ഡികോയിയിലായിരുന്നു. തങ്ങൾ ഒരു റഫാൽ വിമാനം വീഴ്ത്തി എന്ന് പാകിസ്ഥാൻ റഡാറുകൾ തെറ്റിദ്ധരിച്ചു.

ഔദ്യോഗിക സ്ഥിരീകരണം

ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാൻ ഒരു റഫാൽ വിമാനം പോലും വെടിവെച്ചിട്ടിട്ടില്ലെന്ന് ഇന്ത്യൻ പ്രതിരോധ സെക്രട്ടറി ആർ.കെ. സിംഗ് മുൻപ് വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന്റെ അവകാശവാദങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാനും പറഞ്ഞിരുന്നു. ഒരു റഫാൽ വിമാനം സാങ്കേതിക തകരാർ മൂലം നഷ്ടമായതായി ഡസോൾട്ട് സിഇഒ പറഞ്ഞിരുന്നെങ്കിലും, അത് ശത്രു ആക്രമണത്തിലല്ലെന്നും പിന്നീട് കമ്പനി വിശദീകരണം നൽകിയിരുന്നു. എന്തായാലും, പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ തന്ത്രപരമായ ഒരു മനശാസ്ത്രപരമായ വിജയമായാണ് എക്സ്-ഗാർഡ് പ്രയോഗത്തെ വിലയിരുത്തപ്പെടുന്നത്.