
ഇന്ത്യൻ ആണവ അന്തർവാഹിനികളിൽ ഇനി ഹൈപ്പർസോണിക് മിസൈലുകൾ
ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനും ശത്രുരാജ്യങ്ങളുടെ ഉള്ളറകളിലേക്ക് പ്രഹരമേൽപ്പിക്കാനും ലക്ഷ്യമിട്ട് ഇന്ത്യൻ നാവികസേനയുടെ ചരിത്രപരമായ നീക്കം. ‘പ്രോജക്ട്-77’ ന് കീഴിൽ ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന അറ്റാക്ക് അന്തർവാഹിനികളിൽ (SSN) സൂപ്പർസോണിക്, ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വിന്യസിക്കാൻ തീരുമാനം. നിലവിൽ രണ്ട് അന്തർവാഹിനികളുടെ നിർമ്മാണത്തിന് ഔദ്യോഗികമായി അനുമതി ലഭിച്ചതായും പ്രതിരോധ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ശബ്ദത്തേക്കാൾ വേഗത കുറഞ്ഞ (സബ്-സോണിക്) ക്രൂയിസ് മിസൈലുകൾ ഉപയോഗിക്കുന്ന പരമ്പരാഗത രീതിയിൽ നിന്നുള്ള നിർണായകമായ മാറ്റമാണിത്. കരയിലേക്ക് കടന്നുകഴിഞ്ഞാൽ ശത്രുക്കളുടെ എയർ ഡിഫൻസ് സംവിധാനങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താനും പ്രതിരോധിക്കാനും കഴിയുമെന്നതിനാലാണ് സബ്-സോണിക് മിസൈലുകളെ ഒഴിവാക്കുന്നത്.
പുതിയ ‘തീ തുപ്പുന്ന’ ആയുധങ്ങൾ
ശബ്ദത്തേക്കാൾ പലമടങ്ങ് വേഗതയിൽ സഞ്ചരിക്കുന്ന സൂപ്പർസോണിക്, ഹൈപ്പർസോണിക് മിസൈലുകൾക്ക് ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ എളുപ്പത്തിൽ ഭേദിച്ച് അതീവ പ്രാധാന്യമുള്ള ലക്ഷ്യങ്ങൾ (High Value Targets) തകർക്കാൻ കഴിയും. ഡിആർഡിഒ വികസിപ്പിക്കുന്ന പുതിയ ബ്രഹ്മോസ് വകഭേദങ്ങളും, ഹൈപ്പർസോണിക് മിസൈലുകളുമാണ് ഈ അന്തർവാഹിനികളിൽ ഘടിപ്പിക്കുക. 1500 മുതൽ 2000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഈ മിസൈലുകൾക്ക്, ശത്രുക്കളുടെ നിരീക്ഷണ വലയത്തിന് പുറത്ത്, ആഴക്കടലിൽ ഒളിഞ്ഞിരുന്ന് ആക്രമണം നടത്താൻ ഇന്ത്യൻ അന്തർവാഹിനികളെ സജ്ജമാക്കും.
പ്രോജക്ട്-77 ന്റെ ലക്ഷ്യം
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ സാങ്കേതിക സഹായത്തോടെ പൂർണ്ണമായും തദ്ദേശീയമായാണ് പ്രോജക്ട്-77 ന് കീഴിൽ ആറ് ആണവ അന്തർവാഹിനികൾ നിർമ്മിക്കുന്നത്. ശത്രുക്കളുടെ കപ്പലുകളെയും അന്തർവാഹിനികളെയും വേട്ടയാടുക, നിർണായക ഘട്ടങ്ങളിൽ കരയിലെ ലക്ഷ്യങ്ങൾ തകർക്കുക എന്നിവയാണ് ഈ അന്തർവാഹിനികളുടെ പ്രധാന ദൗത്യം. അണ്വായുധം വഹിക്കുന്ന അരിഹന്ത് ക്ലാസ് അന്തർവാഹിനികളിൽ നിന്ന് വ്യത്യസ്തമായി, പരമ്പരാഗത യുദ്ധമുഖത്ത് നിർണായക സ്വാധീനം ചെലുത്താനാണ് ഇവ ഉപയോഗിക്കുക. ഈ അന്തർവാഹിനികൾ പ്രവർത്തനസജ്ജമാകുന്നതോടെ, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ സൈനിക ശക്തി പതിന്മടങ്ങ് വർധിക്കും.