
നെയ്മർ മടങ്ങി വരുന്നു. പരിക്കിൽ നിന്ന് മുക്തനായ നെയ്മർ സാൻ്റോസിന് വേണ്ടി ഉടൻ കളികളത്തിൽ ഇറങ്ങും എന്നാണ് സാൻ്റോസ് കോച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 16 ന് ഫ്ലെമെംഗോയുമായുള്ള മൽസരത്തിൽ നെയ്മർ കളിക്കും എന്നാണ് കോച്ചിൻ്റെ ഉറപ്പ്. 90 മിനിട്ടും നെയ്മർ കളിക്കളത്തിൽ ഉണ്ടാവും എന്നും കോച്ച് തറപ്പിച്ച് പറയുന്നു.
നെയ്മറില്ലാതെ സാൻ്റോസ് കിതയ്ക്കുകയായിരുന്നു. നെയ്മറില്ലാതെ, സാന്റോസ് എട്ട് ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ഒരു വിജയവും രണ്ട് സമനിലയും അഞ്ച് തോൽവികളും മാത്രമാണ് നേടിയത്. സീസണിൽ വഴിത്തിരിവുണ്ടാക്കുന്നതിലും ക്ലബ്ബിനെ ഒരു വിനാശകരമായ സീസണിൽ നിന്ന് അകറ്റി നിർത്തുന്നതിലും നെയ്മറുടെ തിരിച്ചുവരവ് സാൻ്റോസിന് നിർണായകമാണ്.
ഏറെ നാളത്തെ പരിക്കിന് ശേഷം ബാല്യകാല്യ ക്ലബ്ബായ സാൻ്റോസിൽ എത്തിയ നെയ്മർ ഫോമിലേക്ക് ഉയർന്നിരുന്നു. മാസ്റ്റർ പീസായ ഡ്രിബ്ലിംഗുകളും ഫ്രീകിക്കുകളും നെയ്മറിൽ നിന്ന് പിറന്നതോടെ ആരാധകർ സന്തോഷത്തിലായി. 2026 ലെ ലോകകപ്പ് ലക്ഷ്യമിട്ട് ആയിരുന്നു നെയ്മറുടെ യാത്ര. എന്നാൽ താരത്തിന് വീണ്ടും പരിക്കേറ്റതോടെ ആരാധകർ നിരാശയിലായി.
മാസങ്ങൾക്ക് ശേഷം നെയ്മറുടെ മടങ്ങി വരവ് കോച്ച് പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിലാണ്.സാൻ്റോസിനായി 3 ഗോളും 3 അസിസ്റ്റുമായി കളം നിറഞ്ഞ് കളിക്കുമ്പോഴാണ് പരിക്ക് വീണ്ടും വില്ലനായത്. സാൻ്റോസിനായി നെയ്മർ എടുത്ത കോർണർ കിക്ക് ഗോൾ പോസ്റ്റിലേക്ക് പറന്നിറങ്ങുന്ന കാഴ്ചക്കും ഫുട്ബോൾ പ്രേമികൾ സാക്ഷ്യം വഹിച്ചു.