
ന്യൂഡൽഹി: അരുണാചൽ പ്രദേശ് അതിർത്തിക്ക് സമീപം ബ്രഹ്മപുത്ര നദിയിൽ (ടിബറ്റിൽ യാർലങ് സാങ്പോ) ചൈന നിർമ്മിക്കുന്ന ഭീമൻ അണക്കെട്ട്, ഇന്ത്യയ്ക്ക് നേരെ പ്രയോഗിക്കാൻ വെച്ച ഒരു ‘വാട്ടർ ബോംബ്’ ആണെന്ന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. സൈനിക ഭീഷണി കഴിഞ്ഞാൽ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ നിലനിൽപ്പ് ഭീഷണിയാണിതെന്നും അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നൽകി.
പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് പേമ ഖണ്ഡു ചൈനയുടെ പദ്ധതിക്കെതിരെ ആഞ്ഞടിച്ചത്. അന്താരാഷ്ട്ര നദീജല കരാറുകളിൽ ഒന്നും ഒപ്പുവെക്കാത്ത ചൈനയെ വിശ്വസിക്കാൻ കഴിയില്ലെന്നും, അവരുടെ നീക്കങ്ങൾ പ്രവചനാതീതമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന ഭീഷണികൾ
“ചൈനയെ വിശ്വസിക്കാൻ കഴിയില്ല എന്നതാണ് പ്രധാന പ്രശ്നം. അണക്കെട്ട് നിർമ്മിച്ച് അവർ പെട്ടെന്ന് വെളളം തുറന്നുവിട്ടാൽ, നമ്മുടെ സിയാങ് നദീതടം പൂർണ്ണമായും നശിക്കും. അവിടെ താമസിക്കുന്ന ആദി ഗോത്രവിഭാഗക്കാർ ഉൾപ്പെടെയുള്ളവരുടെ ജീവനും സ്വത്തിനും ഭൂമിക്കും അത് കനത്ത നാശം വിതയ്ക്കും,” പേമ ഖണ്ഡു പറഞ്ഞു.
അണക്കെട്ട് പൂർത്തിയായാൽ, ദീർഘകാലാടിസ്ഥാനത്തിൽ സിയാങ്, ബ്രഹ്മപുത്ര നദികളിലെ ജലം ഗണ്യമായി കുറയാനും, വൻ ജലക്ഷാമത്തിനും ഇത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായി നിർമ്മിക്കുന്ന ഈ അണക്കെട്ടിന് 60,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടാകും.
പ്രതിരോധിക്കാൻ ഇന്ത്യയും
ചൈനയുടെ ഈ നീക്കത്തെ വെറും പ്രതിഷേധം കൊണ്ട് മാത്രം നേരിടാനാവില്ലെന്ന് തിരിച്ചറിഞ്ഞ്, ഇന്ത്യയും പ്രതിരോധ നടപടികൾക്ക് രൂപം നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാരുമായി ചർച്ച ചെയ്ത്, അരുണാചൽ പ്രദേശിൽ ‘സിയാങ് അപ്പർ മൾട്ടിപർപ്പസ് പ്രോജക്ട്’ എന്ന പേരിൽ ഒരു വലിയ അണക്കെട്ട് നിർമ്മിക്കാനാണ് പദ്ധതി.
ചൈന വെള്ളം തുറന്നുവിട്ടാലുണ്ടാകുന്ന പ്രളയത്തെ നിയന്ത്രിക്കാനും, അവർ വെള്ളം തടഞ്ഞുവെച്ചാൽ ജലസുരക്ഷ ഉറപ്പാക്കാനും ഈ അണക്കെട്ട് സഹായിക്കും. ഇതിനായി പ്രദേശത്തെ ആദിവാസി വിഭാഗങ്ങളുമായി ചർച്ച നടത്തി വരികയാണെന്നും, ബോധവത്കരണത്തിനായി ഉടൻ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.