
ഡയസ് നോൺ വഴി 50 കോടി! ജീവനക്കാരുടെ ശമ്പള ചെലവ് അടുത്ത മാസം കുറയുമെന്ന പ്രതീക്ഷയിൽ കെ എൻ ബാലഗോപാൽ
പണിമുടക്കിൽ സർക്കാരിന് ലാഭം 50 കോടി. പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ് നോൺ പ്രഖ്യാപിച്ചതു വഴിയാണ് 50 കോടിയുടെ ലാഭം സർക്കാരിന് ലഭിക്കുക. അടുത്ത മാസത്തെ ശമ്പള ചെലവ് ഇത് വഴി 50 കോടി കുറയും.
ഭരണകക്ഷി സംഘടനകളാണ് പണിമുടക്കുന്നത്. പ്രതിപക്ഷ സർവീസ് സംഘടനകൾ പണിമുടക്കിൽ ഇല്ല. വാഹനങ്ങൾ ഉൾപ്പെടെ വ്യാപകമായി തടയുന്നതു കൊണ്ട് പലർക്കും ഓഫിസിൽ എത്താൻ സാധിക്കുന്നില്ല. സമരത്തോട് അഭിമുഖ്യം ഇല്ലാത്തവർക്ക് പോലും ഓഫിസിൽ എത്താൻ സാധിക്കാത്തതു വഴി സമര പങ്കാളിത്തം വർദ്ധിക്കുമെന്ന കണക്കുകൂട്ടൽ ആണ് ഭരണകക്ഷി സംഘടനകൾക്കുള്ളത്.
പങ്കാളിത്തം വർദ്ധിച്ചാൽ ഈ തുക വീണ്ടും ഉയരും. ഈ മാസം ശമ്പളം കൊടുക്കാൻ ഒന്നാം തീയതി ധനമന്ത്രി കെ.എൻ. ബാലഗോപാൽ 2000 കോടി കടം എടുത്തിരുന്നു. കൂടാതെ മൂന്നാം പ്രവൃത്തി ദിവസം ട്രഷറിയിൽ പതിവ് പോലെ നെറ്റ് വർക്ക് ക്ലംപ്ലയിൻ്റും ഉണ്ടായി. സെർവർ തകരാർ എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. ട്രഷറിയിൽ പണം ഇല്ലാതാകുമ്പോൾ ഇങ്ങനെയുള്ള അഭ്യാസം പതിവാണെന്നാണ് ജീവനക്കാരുടെ ആക്ഷേപം.
ഈ സാമ്പത്തിക വർഷം ഇതുവരെ 14000 കോടി കടം എടുത്തു കഴിഞ്ഞു. ശമ്പള പെൻഷൻ വിതരണത്തിന് കടത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് സംസ്ഥാനം. ഡയസ് നോൺ വഴി 50 കോടി ലാഭിക്കാം എന്ന സന്തോഷത്തിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.