
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ നഴ്സിംഗ് കോളേജുകളിലെ അധ്യാപകർക്ക് തുച്ഛമായ ശമ്പളം നൽകുന്നതിനെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. സ്വകാര്യ നഴ്സിംഗ് കോളേജ് അധ്യാപകർക്ക് യുജിസി സ്കെയിലിലോ അല്ലെങ്കിൽ സർക്കാർ നഴ്സിംഗ് കോളേജുകളിലെ അധ്യാപകർക്ക് ലഭിക്കുന്നതിന് തുല്യമായോ ശമ്പളം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ വ്യവസ്ഥ പാലിക്കാത്ത കോളേജുകളുടെ അംഗീകാരം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ സർക്കാരിനും ഇന്ത്യൻ നഴ്സിംഗ് കൗൺസിലിനും ജസ്റ്റിസ് ഡി.കെ. സിംഗ് നിർദ്ദേശം നൽകി.
കേരള സ്റ്റേറ്റ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ-ടീച്ചേഴ്സ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സ്വകാര്യ നഴ്സിംഗ് കോളേജുകളിലെ അധ്യാപകർക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ 2020-ലെ റെഗുലേഷൻ 5D പ്രകാരമുള്ള ശമ്പള വ്യവസ്ഥകൾ നടപ്പിലാക്കാൻ സർക്കാരിനും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും നിയമപരമായ ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
കോടതിയുടെ പ്രധാന നിർദ്ദേശങ്ങൾ:
- ശമ്പള വ്യവസ്ഥകൾ പാലിക്കാത്ത സ്വകാര്യ നഴ്സിംഗ് കോളേജുകൾക്ക് സംസ്ഥാന സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകണം.
- കോളേജുകളിൽ നിന്ന് മറുപടി ലഭിച്ച ശേഷം, സർക്കാർ ഒരു റിപ്പോർട്ട് തയ്യാറാക്കി ആവശ്യമായ നടപടികൾക്കായി ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന് ശുപാർശ ചെയ്യണം.
- സംസ്ഥാന സർക്കാരിന്റെ ശുപാർശകളിൽ നഴ്സിംഗ് കൗൺസിൽ ഉചിതമായ നടപടി സ്വീകരിക്കണം.
ഈ നിർദ്ദേശങ്ങളോടെ കോടതി ഹർജി തീർപ്പാക്കി. സ്വകാര്യ മേഖലയിലെ ആയിരക്കണക്കിന് നഴ്സിംഗ് അധ്യാപകർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി.