News

കേരള സർവകലാശാല ആസ്ഥാനം കൈയടക്കി എസ്എഫ്‌ഐ; ഒന്നര മണിക്കൂർ നോക്കി നിന്ന് പോലീസ്

തിരുവനന്തപുരം: കേരള സർവകലാശാലയിൽ എസ്എഫ്‌ഐ പ്രതിഷേധം. സർവകലാശാല ആസ്ഥാനം വളഞ്ഞ് പ്രവർത്തകർ. പോലീസ് പ്രതിരോധം മറികടന്ന് സെനറ്റ് ഹാളിലേക്ക് എസ്എഫ്‌ഐ പ്രവർത്തകർ ഇരച്ചുകയറി.

ഗവർണറും ചാൻസലറുമായ രാജേന്ദ്ര ആർലേകറിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ എത്തിയത്. നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധവുമായെത്തിയത്. വി.സിയുടെ ഓഫീസിലേക്ക് കടക്കാനുള്ള വഴികളെല്ലാം ബലം പ്രയോഗിച്ച് തുറന്നാണ് ഇവർ ഉള്ളിൽ കടന്നത്.

എസ്എഫ്‌ഐയുടെ പ്രതിഷേധം പ്രതിരോധിക്കാൻ പോലീസ് നടത്തിയത് ദുർബലമായ ഇടപെടലുകളായിരുന്നു. സർവകലാശാല കെട്ടിടത്തിന്റെ ജനലുകൾ വഴി ചിലർ ഉള്ളിൽ കടന്ന് വാതിലുകൾ തുറന്നാണ് മറ്റുള്ളവരെ ഉള്ളിലേക്ക് കടത്തിവിട്ടത്. സർവകലാശാല കെട്ടിടത്തിനു ചുറ്റും എസ്എഫ്‌ഐയുടെ പ്രവർത്തകരാണ് ഉള്ളത്.

വിസിയുടെ ഓഫീസിലേക്ക് കടക്കാനുള്ള വഴി പ്രവർത്തകർ ഉപരോധിച്ചു. ജീവനക്കാരടക്കം ഉള്ളിൽ കുടുങ്ങിയ അവസ്ഥയിലായിരുന്നു. ആർക്കും പുറത്തേക്ക് പോകാനാകാത്ത സ്ഥിതിയായിരുന്നു. അതേസമയം ഒന്നര മണിക്കൂറോളം പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കാര്യമായ നടപടികൾ സ്വീകരിച്ചില്ല. പിന്നീടാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമം ആരംഭിച്ചത്.