
പാരീസ്: തന്റെ മുൻ ക്ലബ്ബായ പാരീസ് സെന്റ് ജെർമെയ്‌നെതിരെ (പിഎസ്ജി) നൽകിയ മാനസിക പീഡന പരാതി ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ പിൻവലിച്ചു. ക്ലബ്ബ് ലോകകപ്പ് സെമിഫൈനലിൽ തന്റെ പുതിയ ടീമായ റയൽ മാഡ്രിഡ് പിഎസ്ജിയെ നേരിടാനിരിക്കെയാണ് ഈ അപ്രതീക്ഷിത നീക്കം.
“ഞങ്ങൾ ഞങ്ങളുടെ സിവിൽ നടപടികൾ പിൻവലിക്കുകയാണ്,” എന്ന് എംബാപ്പെയുടെ അഭിഭാഷകൻ പിയറി-ഒലിവിയർ സർ എഎഫ്‌പിയോട് പറഞ്ഞു.
2023-24 സീസണിന്റെ തുടക്കത്തിൽ പിഎസ്ജി മാനേജ്മെന്റ് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് കാണിച്ചാണ് എംബാപ്പെ കഴിഞ്ഞ മാസം പാരീസ് പ്രോസിക്യൂട്ടർക്ക് പരാതി നൽകിയത്. ക്ലബ്ബുമായി പുതിയ കരാർ ഒപ്പിടാൻ വിസമ്മതിച്ചതിനെ തുടർന്ന്, തന്നെ പ്രധാന ടീമിൽ നിന്ന് ഒഴിവാക്കുകയും, വിൽക്കാൻ വെച്ച മറ്റ് കളിക്കാർക്കൊപ്പം പരിശീലനം നടത്താൻ നിർബന്ധിക്കുകയും ചെയ്തുവെന്നായിരുന്നു എംബാപ്പെയുടെ ആരോപണം. ഈ പരാതിയിൽ പ്രോസിക്യൂട്ടർ അന്വേഷണം ആരംഭിച്ചിരുന്നു.
2023-ലെ പ്രീ-സീസൺ ഏഷ്യൻ പര്യടനത്തിൽ നിന്ന് എംബാപ്പെയെ ഒഴിവാക്കുകയും, ആ സീസണിലെ ആദ്യ മത്സരത്തിൽ കളിപ്പിക്കാതിരിക്കുകയും ചെയ്തിരുന്നു. പിന്നീട് ക്ലബ്ബുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹത്തെ ടീമിലേക്ക് തിരികെയെടുത്തത്.
ഏഴ് വർഷത്തെ പിഎസ്ജി കരിയർ അവസാനിപ്പിച്ച്, കഴിഞ്ഞ വേനൽക്കാലത്താണ് 26-കാരനായ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്. പിഎസ്ജിക്കായി 308 കളികളിൽ നിന്ന് 256 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.
അതേസമയം, ശമ്പളവും ബോണസുമായി പിഎസ്ജി നൽകാനുള്ള 55 ദശലക്ഷം യൂറോ (ഏകദേശം 535 കോടി രൂപ) ലഭിക്കുന്നതിനായി എംബാപ്പെ മറ്റൊരു നിയമപോരാട്ടം നടത്തുന്നുണ്ട്. ഈ കേസ് തുടരും.