
സ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം; കേരളത്തിലെ നിയമം മറികടന്ന് ഹൈക്കോടതിയുടെ ചരിത്ര വിധി
കൊച്ചി: കേരളത്തിലെ ഹിന്ദു കുടുംബങ്ങളിൽ പൂർവിക സ്വത്തിൽ പെൺമക്കൾക്ക് ആൺമക്കൾക്കൊപ്പം തുല്യാവകാശം ഉറപ്പിക്കുന്ന ചരിത്രപരമായ വിധി പുറപ്പെടുവിച്ച് കേരള ഹൈക്കോടതി. 2005-ലെ കേന്ദ്ര ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമത്തിന് സംസ്ഥാന നിയമത്തേക്കാൾ പ്രാബല്യമുണ്ടെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ സുപ്രധാന ഉത്തരവ്.
ഇതോടെ, പെൺമക്കൾക്ക് തുല്യാവകാശം ലഭിക്കുന്നതിന് തടസ്സമായി നിന്നിരുന്ന 1975-ലെ കേരള കൂട്ടുകുടുംബ വ്യവസ്ഥ (നിർത്തലാക്കൽ) നിയമത്തിലെ വ്യവസ്ഥകൾ അപ്രസക്തമായി.
2004 ഡിസംബർ 20-ന് ശേഷം മരണപ്പെട്ട പിതാവിന്റെ സ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശമുണ്ടെന്ന് കോടതി അസന്നിഗ്ദ്ധമായി വ്യക്തമാക്കി. കോഴിക്കോട് സ്വദേശികളായ സഹോദരിമാർ പിതൃസ്വത്തിൽ അവകാശം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് നൽകിയ അപ്പീലിലാണ് ഈ വിധി. കീഴ്ക്കോടതി ആവശ്യം തള്ളിയതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
‘പത്തു പുത്രന്മാർക്ക് തുല്യയാണ് ഒരു പുത്രി’ എന്ന് സ്കന്ദപുരാണത്തിലെ വചനം ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് ഈശ്വരൻ തന്റെ വിധിന്യായം ആരംഭിച്ചത്. പെൺമക്കളുടെ പിന്തുടർച്ചാവകാശ കാര്യത്തിൽ ഈ സമത്വം പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം ഖേദത്തോടെ ചൂണ്ടിക്കാട്ടി.
1975-ലെ കേരള നിയമവും 2005-ലെ കേന്ദ്ര ഭേദഗതിയും തമ്മിലുള്ള പൊരുത്തക്കേടുകൾ വിശദീകരിച്ച കോടതി, തുല്യത ഉറപ്പുനൽകുന്ന കേന്ദ്ര നിയമമാണ് നിലനിൽക്കുകയെന്ന് വിധിക്കുകയായിരുന്നു. ഈ വിധി കേരളത്തിൽ ലിംഗനീതി ഉറപ്പാക്കുന്നതിൽ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു.