News

സമൂഹമാധ്യമങ്ങളിൽ പോലീസിന് ഡിജിപിയുടെ ‘പൂട്ട്’; ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യരുത്, വിവാദ പോസ്റ്റ് വേണ്ട

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ പോലീസുകാരുടെ ഇടപെടലുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ. ഉദ്യോഗസ്ഥർ ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കരുതെന്നും, വിവാദപരമായ പോസ്റ്റുകളും കമന്റുകളും ഒഴിവാക്കണമെന്നും ഡിജിപിയായി ചുമതലയേറ്റ ശേഷം ജില്ലാ പോലീസ് മേധാവികൾക്ക് അയച്ച ആദ്യ സർക്കുലറിൽ അദ്ദേഹം നിർദ്ദേശിച്ചു.

ലഹരി ഉപയോഗം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനായി സമൂഹമാധ്യമങ്ങളിൽ പോലീസിന്റെ സാന്നിധ്യം വർധിപ്പിക്കുന്നതിനിടെയാണ് പുതിയ മേധാവിയുടെ ഈ സുപ്രധാന നിർദ്ദേശം. അതേസമയം, ബോധവൽക്കരണത്തിനായുള്ള ഔദ്യോഗിക ഇടപെടലുകൾ തുടരുമെന്നും, ഉദ്യോഗസ്ഥർ വ്യക്തിപരമായി പങ്കുവെക്കുന്ന പോസ്റ്റുകളിലും കമന്റുകളിലും ജാഗ്രത പുലർത്താനാണ് പ്രധാനമായും നിർദ്ദേശിച്ചിരിക്കുന്നതെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

സർക്കുലറിന് പിന്നിൽ

കൂത്തുപറമ്പ് വെടിവെപ്പ് കേസിൽ മുൻപ് പ്രതിസ്ഥാനത്തുണ്ടായിരുന്ന റവാഡ എ. ചന്ദ്രശേഖറിനെ ഇടത് സർക്കാർ പോലീസ് മേധാവിയാക്കിയത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോലീസ് ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളിട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡിജിപിയുടെ അടിയന്തര ഇടപെടലെന്നാണ് സൂചന. സേനയുടെ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സർക്കുലർ.