News

9531 കോടി നഷ്ടപരിഹാരം; വിഴിഞ്ഞത്ത് നങ്കൂരമിട്ട MSC കപ്പൽ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി

കൊച്ചി: കേരള തീരത്ത് വൻ പരിസ്ഥിതി നാശം വിതച്ച് മുങ്ങിയ എംഎസ്‌സി എൽസ 3 (MSC Elsa 3) എന്ന കപ്പലിന് പകരമായി, സഹോദര കപ്പലായ എംഎസ്‌സി അകിറ്റേറ്റ 2 (MV MSC Akiteta II) വിഴിഞ്ഞം അദാനി പോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. 9531.11 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരള സർക്കാർ നൽകിയ സ്യൂട്ടിലാണ് ജസ്റ്റിസ് എം.എ. ഹക്കീമിന്റെ ഈ സുപ്രധാന വിധി.

9,531 കോടി രൂപ കെട്ടിവെച്ചില്ലെങ്കിൽ കപ്പൽ പിടിച്ചെടുക്കാനാണ് കോടതിയുടെ വ്യവസ്ഥകളോടെയുള്ള ഉത്തരവ്. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനോട്, കോടതിയുടെ അറസ്റ്റ് വാറണ്ട് നടപ്പിലാക്കാനും, കപ്പൽ പിടിച്ചെടുത്ത് തടഞ്ഞുവെക്കാനും കോടതി നിർദ്ദേശിച്ചു. അതേസമയം, ഈ ഉത്തരവ് കപ്പലിലെ ചരക്ക് നീക്കത്തെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

9531 കോടിയുടെ നഷ്ടപരിഹാര ആവശ്യം

2025 മെയ് 25-ന് കേരള തീരത്ത് മുങ്ങിയ എംഎസ്‌സി എൽസ 3 എന്ന കപ്പൽ, സംസ്ഥാനത്തിന് വലിയ പാരിസ്ഥിതികവും സാമ്പത്തികവുമായ നാശനഷ്ടങ്ങൾ വരുത്തിവെച്ചുവെന്നാണ് സർക്കാർ ഹർജിയിൽ പറയുന്നത്. ഇതിന് നഷ്ടപരിഹാരമായി 9531.11 കോടി രൂപയാണ് സർക്കാർ ആവശ്യപ്പെടുന്നത്.

  • പാരിസ്ഥിതിക നാശനഷ്ടം: ₹8626.12 കോടി
  • മത്സ്യത്തൊഴിലാളികൾക്കുണ്ടായ സാമ്പത്തിക നഷ്ടം: ₹378.48 കോടി
  • ദുരന്ത നിവാരണ ചെലവുകൾ: ₹526.51 കോടി

എംഎസ്‌സി എൽസ 3, എംഎസ്‌സി അകിറ്റേറ്റ 2 എന്നീ രണ്ട് കപ്പലുകളുടെയും യഥാർത്ഥ ഉടമസ്ഥർ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (MSC) ആണെന്നും, അതിനാൽ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായി സഹോദര കപ്പലായ അകിറ്റേറ്റ 2 അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു സർക്കാരിന്റെ വാദം.

വൻ പരിസ്ഥിതി ദുരന്തം

കപ്പലിൽ നിന്നുണ്ടായ രാസവസ്തുക്കളുടെയും മൈക്രോപ്ലാസ്റ്റിക്കുകളുടെയും ചോർച്ച, തീരത്തെ സമുദ്രജീവികളെ ഗുരുതരമായി ബാധിച്ചുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഒരു തിമിംഗലവും അഞ്ച് ഡോൾഫിനുകളും ഉൾപ്പെടെ ചത്തൊടുങ്ങി.

ദുരന്തത്തെ തുടർന്ന് 14,302 മെട്രിക് ടൺ മാലിന്യമാണ് തീരത്ത് നിന്ന് നീക്കം ചെയ്തത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 78,498 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും 27,020 അനുബന്ധ തൊഴിലാളി കുടുംബങ്ങൾക്കും സർക്കാർ അടിയന്തര സാമ്പത്തിക സഹായവും സൗജന്യ റേഷനും നൽകിയിരുന്നു. കേസ് ജൂലൈ 10-ന് വീണ്ടും പരിഗണിക്കും.