
ആ കാര്യത്തിലും വീണ ജോർജിന് റെക്കോർഡ്! നാല് വർഷത്തിനിടെ 3 മന്ത്രി മന്ദിരങ്ങൾ; ഖജനാവിൽ നിന്ന് ഒഴുകിയത് ലക്ഷങ്ങൾ
തിരുവനന്തപുരം: ആരോഗ്യവകുപ്പ് കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഔദ്യോഗിക വസതികൾ മാറി മാറി ഉപയോഗിക്കുന്നതിനായി ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിക്കുന്നതായി ആക്ഷേപം. നാല് വർഷത്തിനിടെ മൂന്ന് ഔദ്യോഗിക വസതികൾ മാറിയ മന്ത്രി, സൗകര്യങ്ങൾ പോരെന്ന് പറഞ്ഞ് ലക്ഷങ്ങൾ മുടക്കി മോടിപിടിപ്പിക്കുകയും വാടക ഫ്ലാറ്റിലേക്ക് മാറുകയും ചെയ്തതായാണ് ആരോപണം.
വസതി മാറ്റത്തിന്റെ നാൾവഴികൾ
2021 മെയ് മാസത്തിൽ ആരോഗ്യമന്ത്രിയായപ്പോൾ, മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ താമസിച്ചിരുന്ന കന്റോൺമെന്റ് ഹൗസിനടുത്തുള്ള “നിള” ആയിരുന്നു വീണാ ജോർജിന് ഔദ്യോഗിക വസതിയായി അനുവദിച്ചത്. എന്നാൽ, തുടക്കം മുതൽ സൗകര്യം പോരെന്ന പരാതി മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി. തുടർന്ന്, നവീകരണ പ്രവർത്തനങ്ങൾക്കായി ഈ വസതിയിൽ ഏകദേശം 50 ലക്ഷം രൂപ ചെലവഴിച്ചു. എന്നിട്ടും തൃപ്തിയാകാതെ, 2023 ഡിസംബറിൽ വീണാ ജോർജ്ജ് നന്ദൻകോടിനടുത്തുള്ള ഒരു ആഡംബര ഫ്ലാറ്റിലേക്ക് താമസം മാറി. ഇതിന്റെ വാടകയും മറ്റ് സൗകര്യങ്ങൾക്കുമായി ഖജനാവിൽ നിന്ന് 50 ലക്ഷത്തോളം രൂപ ചെലവഴിച്ചു.
അടുത്തിടെയാണ്, മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ ഒഴിഞ്ഞ വഴുതക്കാടുള്ള തൈക്കാട് ഹൗസിലേക്ക് വീണാ ജോർജ്ജ് വീണ്ടും താമസം മാറിയത്. ഇതോടെ, നാല് വർഷത്തിനിടെ മൂന്ന് ഔദ്യോഗിക വസതികൾ ഉപയോഗിക്കുന്ന മന്ത്രി എന്ന ‘റെക്കോർഡും’ വീണ ജോർജിന് സ്വന്തമായി.
വിമർശനങ്ങളുടെ പശ്ചാത്തലം
ഡോ. വന്ദന ദാസിന്റെ കൊലപാതക സമയത്തെ “എക്സ്പീരിയൻസ് കുറവുള്ള കുട്ടി” എന്ന പരാമർശം, കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചപ്പോൾ നടത്തിയ പ്രതികരണം, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ക്ഷാമത്തെക്കുറിച്ച് ഡോ. ഹാരിസ് നടത്തിയ വെളിപ്പെടുത്തലിനോടുള്ള പ്രതികരണം എന്നിവയെല്ലാം മന്ത്രി വീണാ ജോർജിനെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സ്വന്തം പാർട്ടിയിൽ നിന്ന് പോലും മന്ത്രിക്കെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ്, മന്ത്രിയുടെ വസതി മാറ്റത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നത്.
ആരോഗ്യവകുപ്പിനെ മുന്നോട്ട് നയിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, മന്ത്രി വ്യക്തിപരമായ സൗകര്യങ്ങൾക്ക് മുൻഗണന നൽകുന്നുവെന്നാണ് പ്രധാന ആക്ഷേപം.