News

‘അധികാരത്തിലിരിക്കുന്നത് പെണ്ണാവുമ്പോ ചിലർക്ക് ഉശിര് കൂടും’; മന്ത്രി വീണ ജോർജിന് പിന്തുണയുമായി പി.പി ദിവ്യ

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ വിഷയങ്ങളിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജ് കടുത്ത വിമർശനങ്ങൾ നേരിടുന്നതിനിടെ, മന്ത്രിക്ക് ശക്തമായ പിന്തുണയുമായി സിപിഎം നേതാവും കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദിവ്യ ആരോഗ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിക്കുകയും പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തത്.

“മരണം ആഘോഷിക്കുന്ന പ്രതിപക്ഷത്തോട്” എന്ന് ആരംഭിക്കുന്ന കുറിപ്പിൽ, കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ ദുരന്തം വേദനാജനകമാണെന്നും എന്നാൽ അതിന്റെ പേരിൽ വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷവും മന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ദിവ്യ ആരോപിക്കുന്നു. “അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ചിലർക്ക് ഉശിര് കൂടും” എന്നും “കൂടെയുള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ കൂടെ നിൽക്കുക എന്നത് ഓരോ കമ്മ്യൂണിസ്റ്റുകാരന്റെയും ചുമതലയാണ്” എന്നും പോസ്റ്റിൽ പറയുന്നു.

പ്രതിപക്ഷ നേതാവ് ചാണ്ടി ഉമ്മന്റെ അഭിനയത്തിന് ഓസ്കാർ നൽകണമെന്നും, മാധ്യമങ്ങൾക്ക് മുന്നിലെ ‘ചാണ്ടി ഷോ’ നിർത്തി ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമായിരുന്നുവെന്നും ദിവ്യ വിമർശിച്ചു. യൂത്ത് കോൺഗ്രസ് മുണ്ടക്കയത്ത് പ്രഖ്യാപിച്ച വീടുകൾക്കായി പിരിച്ച കോടികളെക്കുറിച്ചും ദിവ്യ പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. “നായ്ക്കൾ കുരയ്ക്കും, പക്ഷേ ആന അതിന്റെ വഴിയേ പോകും” (Dog’s will bark, but the elephant keeps walking) എന്ന വാചകത്തോടെയാണ് പി.പി. ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.