NationalNews

ജോലി പോലീസിൽ; 12 വർഷം വീട്ടിലിരുന്ന് ശമ്പളം വാങ്ങിയത് 28 ലക്ഷം!

ഭോപ്പാൽ: പോലീസിൽ ജോലിക്ക് കയറിയ ശേഷം 12 വർഷം സർവീസിൽ ഹാജരാവാതെ ശമ്പളം വാങ്ങിയ കോൺസ്റ്റബിളിന്റെ കഥ കേട്ട് അമ്പരന്നിരിക്കുകയാണ് മധ്യപ്രദേശ് പോലീസ് വകുപ്പ്. വകുപ്പുതല വീഴ്ചയുടെയും കെടുകാര്യസ്ഥതയുടെയും ഞെട്ടിക്കുന്ന ഉദാഹരണമായി മാറിയ സംഭവത്തിൽ, വിദിഷ ജില്ലക്കാരനായ കോൺസ്റ്റബിൾ 12 വർഷം കൊണ്ട് കൈപ്പറ്റിയത് 28 ലക്ഷം രൂപയാണ്.

2011-ലാണ് ഇയാൾ മധ്യപ്രദേശ് പോലീസിൽ ചേരുന്നത്. ഭോപ്പാൽ പോലീസ് ലൈൻസിൽ നിയമനം ലഭിച്ച ഇയാളെ, പരിശീലനത്തിനായി സാഗർ പോലീസ് ട്രെയിനിംഗ് സെന്ററിലേക്ക് അയച്ചു. എന്നാൽ അവിടെ റിപ്പോർട്ട് ചെയ്യുന്നതിന് പകരം, ഇയാൾ തിരികെ വിദിഷയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്ന് ഭോപ്പാൽ അസിസ്റ്റന്റ് കമ്മീഷണർ (എസിപി) അങ്കിത ഖാതർകർ പറഞ്ഞു.

തന്റെ സർവീസ് റെക്കോർഡ് ഭോപ്പാൽ പോലീസ് ലൈൻസിലേക്ക് സ്പീഡ് പോസ്റ്റ് വഴി അയച്ചുകൊടുക്കുകയാണ് ഇയാൾ ചെയ്തത്. ഇയാൾ പരിശീലനം പൂർത്തിയാക്കിയോ, ജോലിക്ക് ഹാജരായോ എന്ന് പരിശോധിക്കാതെ അധികൃതർ ഇത് സ്വീകരിക്കുകയും ചെയ്തു. പരിശീലന കേന്ദ്രത്തിൽ ഇയാളുടെ അസാന്നിധ്യം ആരും ശ്രദ്ധിച്ചില്ല, ഭോപ്പാലിൽ ആരും ചോദ്യം ചെയ്തതുമില്ല.

കണ്ടെത്തിയത് 12 വർഷത്തിന് ശേഷം

വർഷങ്ങൾ കടന്നുപോയിട്ടും ഇയാൾ ഡ്യൂട്ടിക്ക് ഹാജരായില്ല, എന്നാൽ എല്ലാ മാസവും മുടങ്ങാതെ ശമ്പളം അക്കൗണ്ടിൽ എത്തിക്കൊണ്ടിരുന്നു. 2023-ൽ, 2011 ബാച്ചിന്റെ ശമ്പള സ്കെയിൽ പുനഃപരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഉദ്യോഗസ്ഥർക്ക് ഈ കോൺസ്റ്റബിളിനെ കണ്ടെത്താനായില്ല, വകുപ്പിൽ ആർക്കും ഇയാളുടെ പേരോ മുഖമോ പരിചയവുമുണ്ടായിരുന്നില്ല.

ഒടുവിൽ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയപ്പോൾ, തനിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അതിനാലാണ് ജോലിക്ക് ഹാജരാകാൻ കഴിയാതിരുന്നതെന്നും ഇയാൾ വാദിച്ചു. ഇതിനെ സാധൂകരിക്കുന്ന രേഖകളും സമർപ്പിച്ചു.

നടപടികൾ ഇങ്ങനെ

തനിക്ക് അന്നത്തെ പോലീസ് നിയമങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ആശയവിനിമയത്തിലെ കുറവും ആരോഗ്യപ്രശ്നങ്ങളുമാണ് വിട്ടുനിൽക്കാൻ കാരണമെന്നും കോൺസ്റ്റബിൾ പ്രതിരോധിച്ചു. ഇതുവരെ 1.5 ലക്ഷം രൂപ ഇയാൾ വകുപ്പിന് തിരികെ നൽകിയിട്ടുണ്ട്.

ബാക്കി തുക ഭാവിയിലെ ശമ്പളത്തിൽ നിന്ന് പിടിക്കാനും സമ്മതിച്ചു. ഇയാൾ ഇപ്പോൾ ഭോപ്പാൽ പോലീസ് ലൈൻസിൽ നിരീക്ഷണത്തിൽ തുടരുകയാണെന്ന് എസിപി അറിയിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയ മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണത്തിന് ശേഷം നടപടിയുണ്ടാകുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.