
ഝാൻസി: ട്രെയിൻ യാത്രയ്ക്കിടെ പ്രസവവേദനയിൽ പുളഞ്ഞ യുവതിക്ക് റെയിൽവേ പ്ലാറ്റ്‌ഫോമിൽ രക്ഷകനായി സൈനിക ഡോക്ടർ. കയ്യിലുണ്ടായിരുന്ന ഹെയർ ക്ലിപ്പും പോക്കറ്റ് കത്തിയും ഉപയോഗിച്ച് മേജർ ഡോ. രോഹിത് ബച്‌വാല നടത്തിയ സമയോചിത ഇടപെടലിൽ യുവതി പ്ലാറ്റ്‌ഫോമിൽ വെച്ച് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
പൻവേൽ-ഗോരഖ്പൂർ എക്സ്പ്രസിലെ യാത്രക്കാരിയായ ഗർഭിണിക്ക് ശനിയാഴ്ച ഉച്ചയോടെ കടുത്ത പ്രസവവേദന അനുഭവപ്പെടുകയായിരുന്നുവെന്ന് നോർത്ത് സെൻട്രൽ റെയിൽവേ ഝാൻസി ഡിവിഷൻ പിആർഒ മനോജ് കുമാർ സിംഗ് പറഞ്ഞു. ഇതേത്തുടർന്ന് യുവതിയെ ഝാൻസി സ്റ്റേഷനിൽ ഇറക്കി. ഈ സമയം, മറ്റൊരു ട്രെയിനിനായി കാത്തുനിൽക്കുകയായിരുന്ന ആർമി മെഡിക്കൽ കോർപ്‌സിലെ മെഡിക്കൽ ഓഫീസറായ മേജർ രോഹിത് ബച്‌വാല (31), റെയിൽവേ ജീവനക്കാർ ഒരു യുവതിയെ വീൽചെയറിൽ അതിവേഗം കൊണ്ടുപോകുന്നത് കണ്ടു.

സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ മേജർ രോഹിത് ഉടൻ തന്നെ സഹായത്തിനെത്തുകയായിരുന്നു. റെയിൽവേ ജീവനക്കാരുടെ സഹായത്തോടെ പ്ലാറ്റ്‌ഫോമിൽ തന്നെ പ്രസവത്തിനുള്ള താൽക്കാലിക സൗകര്യമൊരുക്കി. “ശരിയായ ഓപ്പറേഷൻ തിയേറ്റർ ഇല്ലാത്തതുകൊണ്ട് കയ്യിലുണ്ടായിരുന്ന ഉപകരണങ്ങളെ ആശ്രയിക്കേണ്ടി വന്നു,” എന്ന് മേജർ ബച്‌വാല വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.
“പൊക്കിൾക്കൊടി മുറുക്കാൻ ഹെയർ ക്ലിപ്പ് ഉപയോഗിച്ചു. കുഞ്ഞ് സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം അത് മുറിക്കാൻ പോക്കറ്റ് കത്തിയും സഹായിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മയും കുഞ്ഞും അപകടകരമായ അവസ്ഥയിലായിരുന്നുവെന്നും ഓരോ നിമിഷവും നിർണായകമായിരുന്നുവെന്നും അദ്ദേഹം ഓർത്തു. താൻ ആ നിമിഷം അവിടെ ഉണ്ടായിരുന്നത് ഒരു ദൈവിക ഇടപെടലായിരുന്നുവെന്നും അദ്ദേഹം വിശ്വസിക്കുന്നു.
പ്രസവത്തിന് ശേഷം അമ്മയെയും കുഞ്ഞിനെയും റെയിൽവേ അധികൃതരുടെ സഹായത്തോടെ ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പിന്നീട് സ്ഥിരീകരിച്ചു.
അവിശ്വസനീയമെന്ന് പറയട്ടെ, ഈ അടിയന്തര സാഹചര്യമെല്ലാം ഭംഗിയായി കൈകാര്യം ചെയ്ത ശേഷം, മേജർ ബച്‌വാല തനിക്ക് പോകേണ്ടിയിരുന്ന ഹൈദരാബാദിലേക്കുള്ള ട്രെയിനിൽ കൃത്യസമയത്ത് തന്നെ കയറിപ്പോയി. “ഒരു ഡോക്ടർ എന്ന നിലയിൽ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ഞങ്ങൾ തയ്യാറായിരിക്കണം. രണ്ട് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് ഒരനുഗ്രഹമായി കരുതുന്നു,” അദ്ദേഹം പറഞ്ഞു