Kerala Government NewsNews

കേരളത്തിൽ മറവിരോഗികളുടെ എണ്ണത്തിൽ വൻ വർധന; എട്ട് വർഷത്തിനിടെ വർധന ആറിരട്ടിയിലധികം

തിരുവനന്തപുരം: സംസ്ഥാനത്ത് മറവി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയെന്ന് സർക്കാർ കണക്കുകൾ. കഴിഞ്ഞ എട്ട് വർഷത്തിനിടെ രോഗബാധിതരുടെ എണ്ണം ആറിരട്ടിയിലധികം വർധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു. 2016-ൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തത് 475 മറവിരോഗികളായിരുന്നെങ്കിൽ, 2024-ൽ ഇത് 3112 ആയി ഉയർന്നു.

തൃപ്പൂണിത്തുറ എംഎൽഎ ശ്രീ. കെ ബാബു നിയമസഭയിൽ ഉന്നയിച്ച നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 2025 മാർച്ച് 24-ന് നൽകിയ മറുപടി പ്രകാരം, ഈ വർഷം ഇതുവരെ 574 പുതിയ രോഗികളെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വർഷം തിരിച്ചുള്ള കണക്കുകൾ ആരോഗ്യ വകുപ്പിന് കീഴിലെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മറവി രോഗബാധിതരുടെ എണ്ണം താഴെ പറയുന്നവയാണ്:

  • 2016: 475
  • 2017: 1047
  • 2018: 1548
  • 2019: 1847
  • 2020: 1769
  • 2021: 2002
  • 2022: 2304
  • 2023: 2763
  • 2024: 3112

ചികിത്സാ സൗകര്യങ്ങളും പുതിയ പദ്ധതികളും

മറവിരോഗികൾക്കായി സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വിപുലമായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

  • പ്രധാന സർക്കാർ ആശുപത്രികളിൽ ഡിമെൻഷ്യ ക്ലിനിക്കുകൾ വഴി ചികിത്സ നൽകുന്നു.
  • സൗജന്യ രോഗ നിർണ്ണയം, ചികിത്സ, തുടർ പരിചരണം എന്നിവ ഉറപ്പാക്കുന്നു.
  • രോഗികളെ പരിചരിക്കുന്നവർക്ക് മാനസികാരോഗ്യ പിന്തുണയും സംശയനിവാരണത്തിനുള്ള സഹായവും നൽകുന്നുണ്ട്.
  • ജില്ലകളിലെ പ്രധാന ആശുപത്രികളിൽ സൈക്യാട്രി ഒ.പി/ഐ.പി സംവിധാനവും, ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ വിവിധ സേവനങ്ങളും ലഭ്യമാണ്.
  • മെഡിക്കൽ കോളേജുകളിൽ സിടി സ്കാൻ, എംആർഐ, ഇഇജി പോലുള്ള നൂതന രോഗനിർണ്ണയ സംവിധാനങ്ങളും ആവശ്യമെങ്കിൽ കിടത്തി ചികിത്സയും നൽകുന്നു.

ഇവയ്ക്ക് പുറമെ, അൽഷിമേഴ്‌സ്, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങൾക്ക് ക്യൂബയുമായി സഹകരിച്ച് നൂതന ചികിത്സാ രീതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി നിയമസഭയെ അറിയിച്ചു