CinemaCricketSports

‘ചിന്നത്തല’ സുരേഷ് റെയ്‌ന ഇനി തമിഴ് സിനിമയിൽ നായകൻ

ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകരുടെ പ്രിയപ്പെട്ട ‘ചിന്നത്തല’, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വെള്ളിത്തിരയിലേക്ക്. ഡ്രീം നൈറ്റ് സ്റ്റോറീസ് (DKS) നിർമ്മിക്കുന്ന പുതിയ തമിഴ് ചിത്രത്തിൽ നായകനായാണ് റെയ്‌നയുടെ അരങ്ങേറ്റം. നിർമ്മാതാക്കൾ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വാർത്ത പുറത്തുവിട്ടത്.

ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ ആരവങ്ങൾക്കിടയിലൂടെ റെയ്‌ന നടന്നു വരുന്ന ടീസർ വീഡിയോയോടൊപ്പമാണ് പ്രഖ്യാപനം. ചിത്രം ക്രിക്കറ്റ് പ്രമേയമാക്കിയുള്ളതായിരിക്കുമെന്നാണ് ഇതിൽ നിന്നുള്ള സൂചന. ലോഗൻ സംവിധാനം ചെയ്യുന്ന ചിത്രം, ഡി ശരവണ കുമാറാണ് നിർമ്മിക്കുന്നത്. “ചിന്നത്തല സുരേഷ് റെയ്‌നയെ ഞങ്ങളുടെ ഒന്നാം നമ്പർ നിർമ്മാണ സംരംഭത്തിലേക്ക് സ്വാഗതം ചെയ്യുന്നു,” എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് നിർമ്മാതാക്കൾ കുറിച്ചു.

ചെന്നൈ സൂപ്പർ കിംഗ്സിലെ സഹതാരമായ ശിവം ദുബെയാണ് നിർമ്മാണ കമ്പനിയുടെ പേരും ലോഗോയും പ്രകാശനം ചെയ്തത്. സിനിമയുടെ പേരോ മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

‘മിസ്റ്റർ ഐപിഎൽ’

ചെന്നൈ സൂപ്പർ കിംഗ്‌സിനായുള്ള തകർപ്പൻ പ്രകടനങ്ങളിലൂടെ തമിഴ്നാട്ടിലെ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കവർന്ന താരമാണ് സുരേഷ് റെയ്‌ന. സ്ഥിരതയാർന്ന പ്രകടനങ്ങൾ കാരണം ‘മിസ്റ്റർ ഐപിഎൽ’ എന്ന വിളിപ്പേരും അദ്ദേഹത്തിനുണ്ട്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ അഞ്ചാമത്തെ താരമായ റെയ്‌ന, സിഎസ്‌കെയ്ക്കൊപ്പം നാല് തവണ കിരീടം നേടിയിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച മധ്യനിര ബാറ്റർമാരിൽ ഒരാളായ റെയ്‌ന, 2011 ലോകകപ്പ്, 2013 ചാമ്പ്യൻസ് ട്രോഫി എന്നിവ നേടിയ ഇന്ത്യൻ ടീമുകളിലും അംഗമായിരുന്നു. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ താരം കൂടിയാണ് അദ്ദേഹം. കളിക്കളത്തിലെ ഈ താരപ്പൊലിമ വെള്ളിത്തിരയിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.