CricketSports

കെസിഎൽ ലേലത്തിൽ ‘സഞ്ജു കൊടുങ്കാറ്റ്’; റെക്കോർഡ് തുകയ്ക്ക് താരത്തെ റാഞ്ചി കൊച്ചി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) രണ്ടാം സീസണിലെ താരലേലത്തിൽ കൊടുങ്കാറ്റായി ഇന്ത്യൻ താരം സഞ്ജു സാംസൺ. വാശിയേറിയ ലേലം വിളിക്ക് ഒടുവിൽ, ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 26.80 ലക്ഷം രൂപയ്ക്ക് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കി. സഞ്ജുവിന്റെ ആദ്യ കെസിഎൽ സീസണാണിത്, താരത്തിന്റെ വരവ് ലീഗിന് വലിയ ആവേശവും താരപ്പൊലിമയും നൽകും.

ലേലത്തിൽ താരമായി സഞ്ജു

മൂന്ന് ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സഞ്ജുവിനായി ലീഗിലെ എല്ലാ ടീമുകളും രംഗത്തുണ്ടായിരുന്നു. അഞ്ച് ലക്ഷത്തിൽ തുടങ്ങിയ ലേലം വിളി, തിരുവനന്തപുരം റോയൽസ് 20 ലക്ഷം വരെയും, തൃശൂർ ടൈറ്റൻസ് 25 ലക്ഷം വരെയും എത്തിച്ചു. എന്നാൽ, അവസാന നിമിഷം 26.80 ലക്ഷം രൂപയുടെ റെക്കോർഡ് തുക ഓഫർ ചെയ്ത് കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജുവിനെ തങ്ങളുടെ പാളയത്തിലെത്തിക്കുകയായിരുന്നു.

നേട്ടം കൊയ്ത മറ്റ് പ്രമുഖർ

സഞ്ജുവിന് പുറമെ, മറ്റ് പ്രമുഖ കേരള താരങ്ങൾക്കായും ലേലത്തിൽ കടുത്ത മത്സരം നടന്നു.

  • വിഷ്ണു വിനോദ്: 12.8 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് സ്വന്തമാക്കി.
  • ജലജ് സക്സേന: 12.40 ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിൾസ് ടീമിലെത്തിച്ചു.
  • ബേസിൽ തമ്പി: 8.4 ലക്ഷം രൂപയ്ക്ക് തിരുവനന്തപുരം റോയൽസ് സ്വന്തമാക്കി.
  • എം.എസ്. അഖിൽ: 8.40 ലക്ഷം രൂപയ്ക്ക് കൊല്ലം ടീമിലെത്തി.
  • സിജോമോൻ ജോസഫ്: 5.20 ലക്ഷം രൂപയ്ക്ക് തൃശൂർ ടൈറ്റൻസ് സ്വന്തമാക്കി.
  • ഷോൺ റോജർ: 4.40 ലക്ഷം രൂപയ്ക്ക് തൃശൂർ ടൈറ്റൻസിലെത്തി.

എ, ബി, സി കാറ്റഗറികളിലായി 155 താരങ്ങളെയാണ് ലേലത്തിൽ വെച്ചത്. ഫസ്റ്റ് ക്ലാസ്, ഐപിഎൽ എന്നിവ കളിച്ച താരങ്ങൾ ഉൾപ്പെടുന്ന എ കാറ്റഗറിക്ക് 3 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില.