
ഇംഫാൽ: സംഘർഷഭരിതമായ മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു. നാല് മലയോര ജില്ലകളിൽ നിന്നായി 203 തോക്കുകളും, 160-ൽ അധികം വ്യത്യസ്ത തരം വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളുമാണ് കണ്ടെടുത്തത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ വലിയ ആയുധവേട്ടയാണിത്.
പ്രത്യേക രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, വ്യാഴാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച വരെ നീണ്ടുനിന്ന തീവ്രമായ തിരച്ചിലാണ് ഈ വലിയ ആയുധശേഖരം കണ്ടെത്താൻ സഹായിച്ചത്. മണിപ്പൂർ പോലീസ്, അസം റൈഫിൾസ്, ഇന്ത്യൻ ആർമി, സിആർപിഎഫ്, ബിഎസ്എഫ്, ഐടിബിപി എന്നിവരടങ്ങിയ സംയുക്ത സേനയാണ് ഓപ്പറേഷൻ നടത്തിയത്. തെങ്‌നൗപാൽ, കാങ്‌പോക്പി, ചന്ദേൽ, ചുരാചന്ദ്പൂർ എന്നീ നാല് ജില്ലകളിലെ ഉൾപ്രദേശങ്ങളിലും സംശയാസ്പദമായ സ്ഥലങ്ങളിലുമായിരുന്നു ഒരേസമയം ഓപ്പറേഷൻ നടന്നത്.
പിടിച്ചെടുത്ത ആയുധങ്ങൾ
ഇൻസാസ് റൈഫിളുകൾ (21), എകെ സീരീസ് റൈഫിളുകൾ (11), സെൽഫ്-ലോഡിംഗ് റൈഫിളുകൾ (26), സ്നിപ്പർ റൈഫിളുകൾ (2), കാർബൈനുകൾ (3), ഗ്രനേഡ് ലോഞ്ചറുകൾ (3), പിസ്റ്റളുകൾ (6), നാടൻ തോക്കുകൾ എന്നിവയുൾപ്പെടെയുള്ള വലിയ ശേഖരമാണ് പിടിച്ചെടുത്തത്. ഇതിന് പുറമെ, 30 ഐഇഡികളും (IEDs), 10 ഗ്രനേഡുകളും കണ്ടെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും, പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളിലെ ഒരു സുപ്രധാന നേട്ടമാണിതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. സംശയാസ്പദമായ ഏതെങ്കിലും പ്രവർത്തനങ്ങളെക്കുറിച്ചോ നിയമവിരുദ്ധമായ ആയുധങ്ങളെക്കുറിച്ചോ വിവരം ലഭിച്ചാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് മണിപ്പൂർ പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.