News

മാലിന്യ സംസ്കരണം പഠിക്കാൻ ഉദ്യോഗസ്ഥർ ബിജെപി സംസ്ഥാനത്തേക്ക്; മുഖ്യമന്ത്രി ചികിത്സയ്ക്ക് അമേരിക്കയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പറക്കുമ്പോൾ, സംസ്ഥാനത്തെ മാലിന്യ സംസ്കരണ പ്രതിസന്ധിക്ക് പരിഹാരം തേടി കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥ സംഘം ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലേക്ക്. ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളെക്കുറിച്ച് പഠിക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥർ പോകുന്നത്. മുഖ്യമന്ത്രി വിദേശത്ത് ചികിത്സ തേടുമ്പോൾ, ഉദ്യോഗസ്ഥർ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ‘വികസന മാതൃകകൾ’ പഠിക്കാൻ പോകുന്നത് ഇത് രണ്ടാം തവണയാണ്.

പഠനയാത്ര സർക്കാർ ഉത്തരവോടെ

തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ ഐഎഎസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ജൂലൈ 8 മുതൽ 10 വരെ ഇൻഡോർ സന്ദർശിക്കുന്നത്. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് 2025 ജൂലൈ 2-ന് സർക്കാർ ഉത്തരവ് (G.O.(Rt) No.1640/2025/LSGD) പുറത്തിറക്കി.

ഉദ്യോഗസ്ഥ സംഘത്തിലെ അംഗങ്ങൾ:

  • ടി.വി. അനുപമ ഐഎഎസ് (സ്പെഷ്യൽ സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ്)
  • യു.വി. ജോസ് ഐഎഎസ് (എക്സിക്യൂട്ടീവ് ഡയറക്ടർ, ശുചിത്വ മിഷൻ)
  • ഗംഗ ആർ.എസ്. (ഡയറക്ടർ (SWM), ശുചിത്വ മിഷൻ)
  • ഷിജു ചന്ദ്രൻ ആർ. (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ശുചിത്വ മിഷൻ)
  • ബിനോദ് (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ശുചിത്വ മിഷൻ)

യാത്രയുടെ മുഴുവൻ ചെലവും ശുചിത്വ മിഷൻ വഹിക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

ആവർത്തിക്കുന്ന ‘ഗുജറാത്ത് മോഡൽ’

2022-ലും സമാനമായ സംഭവം നടന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സയിലായിരുന്നപ്പോൾ (2022 ഏപ്രിൽ 23 – മെയ് 15), അന്നത്തെ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഗുജറാത്തിലെ ‘ഡാഷ് ബോർഡ്’ ഇ-ഗവേണൻസ് സംവിധാനം പഠിക്കാൻ പോയിരുന്നു (2022 ഏപ്രിൽ 27 – 29). ‘ഗുജറാത്ത് മോഡൽ’ അത്ഭുതകരമാണെന്നായിരുന്നു അന്ന് വി.പി. ജോയിയുടെ പ്രതികരണം. എന്നാൽ, ആ പഠനത്തിന്റെ തുടർനടപടികളൊന്നും കേരളത്തിൽ കാര്യക്ഷമമായി നടപ്പായില്ലെന്ന വിമർശനം നിലനിൽക്കുന്നുണ്ട്.

മാലിന്യ സംസ്കരണത്തിൽ രാജ്യത്തിന് തന്നെ മാതൃകയാണ് ഇൻഡോർ. തുടർച്ചയായി രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെടുന്ന ഇൻഡോറിലെ മാതൃക പഠിക്കാൻ കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥർ പോകുമ്പോൾ, മുൻപത്തെ ‘ഗുജറാത്ത് മോഡൽ’ പഠനത്തിന്റെ ഗതി ഈ യാത്രയ്ക്കും ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.