
മുഹറം അവധിയിൽ മാറ്റമില്ല; സർക്കാർ അവധി ഞായറാഴ്ച തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതു അവധിയിൽ മാറ്റമില്ല. സർക്കാർ നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഞായറാഴ്ച (ജൂലൈ 6) തന്നെയായിരിക്കും അവധി. മുഹറം പത്ത് തിങ്കളാഴ്ച വരുന്നതിനാൽ, അവധി തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും, സർക്കാർ ഇക്കാര്യത്തിൽ പുതിയ ഉത്തരവുകളൊന്നും പുറത്തിറക്കിയിട്ടില്ല.
ചന്ദ്രപ്പിറവിയുടെ അടിസ്ഥാനത്തിൽ ഈ വർഷം മുഹറം പത്ത് ആചരിക്കുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്. ഇത് കണക്കിലെടുത്ത്, പൊതു അവധി തിങ്കളാഴ്ചയായി പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടി.വി. ഇബ്രാഹീം എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഈ ഫയൽ പൊതുഭരണ വകുപ്പിന്റെ പരിഗണനയിലായിരുന്നു.
എന്നാൽ, നിലവിൽ സർക്കാർ കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുള്ള ഞായറാഴ്ചയിലെ അവധിയിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചിട്ടില്ല. അവധിയിൽ മാറ്റമുണ്ടെങ്കിൽ സർക്കാർ പ്രത്യേക ഉത്തരവിറക്കുമായിരുന്നു. അത്തരം ഉത്തരവുകളൊന്നും ഇറങ്ങാത്ത സാഹചര്യത്തിൽ, അവധി ഞായറാഴ്ച തന്നെയായിരിക്കുമെന്ന് ഉറപ്പായി.