Kerala Government NewsNews

തിയേറ്ററിൽ ‘ചൂടൻ’ ബോധവൽക്കരണം; ഖജനാവിൽ നിന്ന് ‘പൊടിച്ചത്’ 11 ലക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗം ഉൾപ്പെടെയുള്ള വേനൽക്കാല ദുരന്തങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി സിനിമാ തിയേറ്ററുകളിൽ പരസ്യം നൽകാൻ സർക്കാർ ചെലവഴിച്ചത് 11 ലക്ഷത്തിലധികം രൂപ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള ഈ ചെലവ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

2024 മാർച്ച്, ഏപ്രിൽ മാസങ്ങളിലായി സംസ്ഥാനത്തെ വിവിധ തിയേറ്ററുകളിൽ ഉഷ്ണകാല ബോധവൽക്കരണ പരസ്യങ്ങൾ പ്രദർശിപ്പിച്ച ഇനത്തിലാണ് 11,25,162 രൂപ അനുവദിച്ചത്. ക്യൂബ് സിനിമ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, യുഎഫ്ഒ മൂവീസ് ഇന്ത്യ ലിമിറ്റഡ് എന്നീ രണ്ട് കമ്പനികൾ വഴിയാണ് പരസ്യങ്ങൾ നൽകിയത്.

ക്യൂബ് സിനിമ ടെക്നോളജീസ് വഴി 14 ദിവസം പരസ്യം നൽകിയതിന് 5,15,312 രൂപ.

യുഎഫ്ഒ മൂവീസ് ഇന്ത്യ ലിമിറ്റഡ് വഴി 14 ദിവസം പരസ്യം നൽകിയതിന് 6,09,850 രൂപ.

ഈ രണ്ട് കമ്പനികൾക്കും തുക അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറിയുടെ നടപടി, 2025 ഏപ്രിൽ 26-ന് ചേർന്ന അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം സാധൂകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ വകുപ്പ് ഇപ്പോൾ ഔദ്യോഗികമായി ഉത്തരവ് (സ.ഉ.(കൈ) നം.457/2025/DMD) പുറത്തിറക്കിയത്.