
‘മന്ത്രി പ്രസംഗിച്ചു, രക്ഷാപ്രവർത്തനം നടന്നില്ല’; വീണാ ജോർജ് രാജിവെക്കണമെന്ന് സതീശൻ, 25 ലക്ഷം നഷ്ടപരിഹാരം നൽകണം
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് ദുരന്തത്തിൽ സർക്കാരിനും ആരോഗ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അപകടം നടന്നയുടൻ രക്ഷാപ്രവർത്തനം നടത്തുന്നതിന് പകരം, ആരോഗ്യവകുപ്പിന്റെ നേട്ടങ്ങളെക്കുറിച്ച് പ്രസംഗിക്കുകയാണ് മന്ത്രി വീണാ ജോർജ്ജ് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെക്കണമെന്നും, മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സതീശൻ എറണാകുളത്ത് ആവശ്യപ്പെട്ടു.
“ആശുപത്രിയിൽ കൂട്ടിരിക്കാൻ വന്ന അമ്മയുടെ മൃതദേഹത്തിൽ ഒരു മകൾ കെട്ടിപ്പിടിച്ച് കരയുന്ന ദൃശ്യമാണ് കേരളം കാണുന്നത്. എന്തൊരു നിരുത്തരവാദപരമായ സമീപനമായിരുന്നു മന്ത്രിമാരുടേത്! ചാണ്ടി ഉമ്മൻ എംഎൽഎ ബഹളമുണ്ടാക്കിയതിന് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്, അപ്പോഴേക്കും രണ്ട് മണിക്കൂർ കഴിഞ്ഞിരുന്നു,” സതീശൻ പറഞ്ഞു.
‘ആരോഗ്യവകുപ്പ് അലങ്കോലം’
സംസ്ഥാനത്തെ ആരോഗ്യമേഖല പൂർണ്ണമായും തകർന്നുവെന്നും, പി.ആർ. പ്രൊപ്പഗണ്ട മാത്രമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. “കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും മരുന്നോ നൂലോ പഞ്ഞിയോ ഇല്ലാത്ത അവസ്ഥയാണ്. മരുന്ന് വിതരണക്കാർക്ക് കോടിക്കണക്കിന് രൂപ കുടിശ്ശിക വരുത്തിയതിനാൽ മരുന്ന് വിതരണം നിലച്ചു. പാവപ്പെട്ടവൻ സർക്കാർ ആശുപത്രിയിലേക്ക് ചെല്ലുമ്പോൾ പുറത്തേക്ക് മരുന്ന് എഴുതിക്കൊടുക്കുന്നത് എവിടുത്തെ ഏർപ്പാടാണ്?,” അദ്ദേഹം ചോദിച്ചു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന കാരുണ്യ പദ്ധതിയുൾപ്പെടെയുള്ളവയെല്ലാം ഈ സർക്കാർ തകർത്തെന്നും സതീശൻ ആരോപിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരാൾ പോലും ദുരന്തത്തിനിരയായ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിയില്ല. ബിന്ദുവിന്റെ മകളുടെ തുടർ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നും, കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.