
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സീനിയർ റെസിഡന്റ് ആകാം; 73,500 രൂപ ശമ്പളം, ഇന്റർവ്യൂ ജൂലൈ 14-ന്
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ സീനിയർ റെസിഡന്റ് തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒരു വർഷത്തെ കരാർ നിയമനമാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 73,500 രൂപ വേതനം ലഭിക്കും.
യോഗ്യതാ മാനദണ്ഡങ്ങൾ
ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും (പി.ജി), തിരുവിതാംകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിൽ (TCMC) രജിസ്ട്രേഷനുമാണ് പ്രധാന യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ, ജനറൽ മെഡിസിൻ, അനസ്തേഷ്യ, പൾമണറി മെഡിസിൻ എന്നിവയിലേതെങ്കിലും ഒന്നിൽ പി.ജി. ഉള്ളവരെയും പരിഗണിക്കും.
അഭിമുഖത്തിന് ഹാജരാകേണ്ട വിധം
താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ 14, രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതമാണ് എത്തേണ്ടത്. അപേക്ഷയിൽ തസ്തികയുടെ പേര്, മേൽവിലാസം, ഇ-മെയിൽ, മൊബൈൽ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.