
താലിബാൻ സർക്കാരിന് ആദ്യമായി അംഗീകാരം നൽകി റഷ്യ; ചൈനയും പാകിസ്താനും പിന്നാലെ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്ത് നാല് വർഷം പിന്നിടുമ്പോൾ, ആദ്യമായി അവരുടെ സർക്കാരിന് ഔദ്യോഗിക അംഗീകാരം നൽകി റഷ്യ. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട താലിബാന് വലിയ നയതന്ത്ര വിജയം നൽകുന്നതാണ് റഷ്യയുടെ ഈ നീക്കം. ധീരമായ തീരുമാനമെന്നാണ് റഷ്യയുടെ നടപടിയെ അഫ്ഗാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി വിശേഷിപ്പിച്ചത്.
റഷ്യയുടെ അഫ്ഗാനിസ്ഥാനിലെ അംബാസഡർ ദിമിത്രി ഷിർനോവ്, കാബൂളിലെത്തിയാണ് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനെ അംഗീകരിക്കുന്നതായുള്ള റഷ്യൻ സർക്കാരിന്റെ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. മറ്റ് രാജ്യങ്ങൾക്കും ഇതൊരു മാതൃകയാകുമെന്നും, ഇത് ക്രിയാത്മകമായ ബന്ധങ്ങളുടെ പുതിയൊരു അധ്യായമാണെന്നും താലിബാൻ പ്രതികരിച്ചു.
മാറുന്ന നയതന്ത്ര സമവാക്യങ്ങൾ
2021 ഓഗസ്റ്റിൽ താലിബാൻ ഭരണം പിടിച്ചെടുത്തപ്പോൾ, തങ്ങളുടെ എംബസികൾ അടച്ചുപൂട്ടാതിരുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായിരുന്നു റഷ്യ. 2022-ൽ എണ്ണയും പ്രകൃതിവാതകവും ഗോതമ്പും അഫ്ഗാനിസ്ഥാന് നൽകാനുള്ള അന്താരാഷ്ട്ര കരാറിൽ ഒപ്പുവെച്ച ആദ്യ രാജ്യവും റഷ്യയായിരുന്നു. ഈ വർഷം ഏപ്രിലിൽ, താലിബാനെ ഭീകരസംഘടനകളുടെ പട്ടികയിൽ നിന്ന് റഷ്യ ഒഴിവാക്കിയിരുന്നു.
അഫ്ഗാനിസ്ഥാനുമായി ഒരു സമ്പൂർണ്ണ പങ്കാളിത്തം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായിരുന്നു ഈ നീക്കങ്ങൾ. ഭീകരതയെ നേരിടുന്നതിൽ താലിബാൻ ഒരു ‘സഖ്യകക്ഷി’ ആണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ കഴിഞ്ഞ വർഷം വിശേഷിപ്പിച്ചിരുന്നു.
പാശ്ചാത്യ രാജ്യങ്ങളുടെ എതിർപ്പ്
അതേസമയം, താലിബാൻ ഭരണകൂടത്തെ പാശ്ചാത്യ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും ശക്തമായി അപലപിച്ചു. സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് വിലക്ക്, പുരുഷന്റെ അകമ്പടിയില്ലാതെ പുറത്തിറങ്ങാൻ അനുവാദമില്ലായ്മ, കർശനമായ വസ്ത്രധാരണ രീതികൾ തുടങ്ങിയ കടുത്ത നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ എതിർപ്പ്. ഇത് ‘ലിംഗ വിവേചനം’ ആണെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചിരുന്നു.
ചൈന, യുഎഇ, ഉസ്ബെക്കിസ്ഥാൻ, പാകിസ്താൻ എന്നീ രാജ്യങ്ങൾ കാബൂളിലേക്ക് അംബാസഡർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും, താലിബാൻ സർക്കാരിന് ഔദ്യോഗികമായി അംഗീകാരം നൽകുന്ന ആദ്യത്തെയും ഏക രാജ്യവുമാണ് റഷ്യ.