
ന്യൂഡൽഹി: പാകിസ്താൻ ഉപയോഗിക്കുന്ന സൈനിക ആയുധങ്ങളിൽ 81 ശതമാനവും ചൈനയിൽ നിന്നുള്ളതാണെന്ന് ഇന്ത്യൻ കരസേന. ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിക്ക് ഒരു മാസത്തിന് ശേഷം, ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ രാഹുൽ ആർ. സിംഗ് ആണ് ഈ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. പാകിസ്താൻ ഒരു മുന്നണി മാത്രമാണെന്നും, അവർക്ക് പിന്നിൽ എല്ലാവിധ സഹായങ്ങളുമായി ചൈനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഓപ്പറേഷൻ സിന്ദൂർ’ നൽകിയ പാഠങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പാകിസ്താന് ലഭിച്ച 81 ശതമാനം സൈനിക ഹാർഡ്‌വെയറും ചൈനീസാണ്. അതിനാൽ ചൈനയുടെ പിന്തുണയിൽ അതിശയിക്കാനില്ല. തങ്ങളുടെ ആയുധങ്ങൾ മറ്റ് ആയുധ സംവിധാനങ്ങൾക്കെതിരെ പരീക്ഷിക്കാനുള്ള ഒരു ‘ലൈവ് ലാബ്’ ആയാണ് ചൈന പാകിസ്താനെ കാണുന്നത്,” ലഫ്റ്റനന്റ് ജനറൽ പറഞ്ഞു.
‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത്, ഒരു അതിർത്തിയിൽ രണ്ട് എതിരാളികളെയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നതെന്നും, പാകിസ്താന് പുറമെ തുർക്കിയും ബയ്രക്തർ പോലുള്ള ഡ്രോണുകൾ നൽകി പാകിസ്താനെ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നമ്മുടെ പ്രധാനപ്പെട്ട നീക്കങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ചൈനയിൽ നിന്ന് പാകിസ്താന് ലഭിച്ചിരുന്നു. അതിനാൽ, നമുക്ക് ശക്തമായ ഒരു വ്യോമ പ്രതിരോധ സംവിധാനം ആവശ്യമാണ്,” അദ്ദേഹം നിരീക്ഷിച്ചു.
VIDEO | Delhi: Lieutenant General Rahul R Singh, Deputy Chief of Army Staff (Capability Development and Sustenance) says, "Few lessons that I thought I must flag as far as 'Operation Sindoor' is concerned. Firstly, one border, two adversaries. Pakistan was a front face. We had… pic.twitter.com/n4qM1wbCkB
— Press Trust of India (@PTI_News) July 4, 2025
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി 2025 മെയ് 7-നാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. പാക് അധീന കശ്മീരിലെയും പാകിസ്താനിലെയും ഒൻപത് ഭീകര കേന്ദ്രങ്ങൾ ഈ ഓപ്പറേഷനിൽ ഇന്ത്യൻ സൈന്യം വിജയകരമായി തകർത്തിരുന്നു.
ഈ സൈനിക നടപടിയുടെ ആസൂത്രണം സാങ്കേതികവിദ്യയുടെയും മനുഷ്യന്റെയും രഹസ്യാന്വേഷണ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നുവെന്നും, നേതൃത്വത്തിന്റെ സന്ദേശം വ്യക്തവും ശക്തവുമായിരുന്നുവെന്നും ലഫ്റ്റനന്റ് ജനറൽ രാഹുൽ ആർ. സിംഗ് പറഞ്ഞു.