
ഹൗസിംഗ് കമ്മീഷണറേറ്റ് ഓഫീസിൽ സീനിയർ സൂപ്രണ്ടാകാം; ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാന ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയത്തിൽ സീനിയർ സൂപ്രണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിലും സെക്രട്ടേറിയറ്റിലും സമാന തസ്തികകളിൽ ജോലി ചെയ്യുന്ന യോഗ്യരായ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.
ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കായിരിക്കും നിയമനം. പിന്നീട്, പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ വർഷവും ദീർഘിപ്പിച്ച് പരമാവധി അഞ്ച് വർഷം വരെ സർവീസ് തുടരാവുന്നതാണ്.
അപേക്ഷിക്കേണ്ട വിധം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ, കെ.എസ്.ആർ ചട്ടം 144 പ്രകാരമുള്ള അപേക്ഷയോടൊപ്പം, തങ്ങളുടെ വകുപ്പ് മേധാവിയിൽ നിന്നുള്ള നിരാക്ഷേപ പത്രം (NOC) കൂടി വാങ്ങി സമർപ്പിക്കണം.
പൂരിപ്പിച്ച അപേക്ഷകൾ “ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയം, ഭവനനിർമ്മാണ വകുപ്പ് (സാങ്കേതിക വിഭാഗം), കെ.എസ്.എച്ച്.ബി ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം – 695001” എന്ന വിലാസത്തിൽ ജൂലൈ 26-നകം ലഭിക്കണം.