
ഓഡിറ്റ് കുരുക്കിൽ ശമ്പളം കുറഞ്ഞോ? തിരുത്താൻ ഒരവസരം കൂടി; സർക്കാർ ജീവനക്കാർക്ക് ആശ്വാസവാർത്ത
തിരുവനന്തപുരം: 2004-ലെയും 2009-ലെയും ശമ്പള പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് ഓഡിറ്റ് തടസ്സവാദം മൂലം ശമ്പളത്തിൽ കുറവുണ്ടായ സർക്കാർ ജീവനക്കാർക്ക് ആശ്വാസമായി പുതിയ സർക്കാർ ഉത്തരവ്. തെറ്റായ ശമ്പള നിർണ്ണയത്തെ തുടർന്ന് ശമ്പളം കുറയുകയും, അധികമായി കൈപ്പറ്റിയ തുക തിരിച്ചടയ്ക്കേണ്ടി വരികയും ചെയ്ത ജീവനക്കാർക്ക്, ശമ്പള നിർണ്ണയം പുനഃപരിശോധിക്കാൻ ‘റീ-ഓപ്ഷൻ’ നൽകാൻ ഒരവസരം കൂടി നൽകാൻ സർക്കാർ തീരുമാനിച്ചു.
സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, സർവകലാശാലാ ജീവനക്കാർ എന്നിവർക്ക് ഈ തീരുമാനം പ്രയോജനകരമാകും. നിരവധി ജീവനക്കാർ ഈ വിഷയത്തിൽ സർക്കാരിന് നിവേദനം നൽകിയതിനെ തുടർന്നാണ് നടപടി.
അഡീഷണൽ സെക്രട്ടറി അഹമ്മദ് കബീർ വൈ ആണ് 2025 ജൂലൈ 4-ന് ഇത് സംബന്ധിച്ച ഉത്തരവ് (സ.ഉ.(അച്ചടി) നം.83/2025/FIN) പുറത്തിറക്കിയത്
പുതിയ ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ
ആർക്കൊക്കെ അപേക്ഷിക്കാം? 2004, 2009 ശമ്പള പരിഷ്കരണങ്ങളിലെ ശമ്പള നിർണ്ണയത്തിൽ ഓഡിറ്റ് തടസ്സവാദം മൂലം ശമ്പളത്തിൽ കുറവുണ്ടായ ജീവനക്കാർക്ക് മാത്രമാണ് റീ-ഓപ്ഷന് അർഹത. വിരമിച്ച ജീവനക്കാർക്കും ഈ ആനുകൂല്യം ലഭിക്കും.
അപേക്ഷിക്കേണ്ട സമയപരിധി: ഈ ഉത്തരവ് ഇറങ്ങിയ തീയതി (ജൂലൈ 4, 2025) മുതൽ മൂന്ന് മാസത്തിനകം റീ-ഓപ്ഷൻ സമർപ്പിക്കണം. ഒരു കാരണവശാലും ഈ സമയപരിധി ദീർഘിപ്പിച്ചു നൽകുന്നതല്ല.
കുടിശ്ശികയില്ല: റീ-ഓപ്ഷൻ പ്രകാരം ശമ്പളം പുനർനിർണ്ണയിക്കുമ്പോൾ കുടിശ്ശികയ്ക്ക് അർഹതയുണ്ടായിരിക്കുന്നതല്ല.
അധിക തുക തിരിച്ചടയ്ക്കണം: യഥാർത്ഥ ഓപ്ഷൻ പ്രകാരം അധികമായി ശമ്പളം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ, ആ തുക പൂർണ്ണമായും സർക്കാരിലേക്ക് തിരിച്ചടച്ചതിന് ശേഷം മാത്രമേ പുതുക്കിയ ശമ്പളം അനുവദിക്കുകയുള്ളൂ.
റീ-ഓപ്ഷനുള്ള അപേക്ഷ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് നേരിട്ട് സമർപ്പിക്കാവുന്നതാണ്. ഇതിനായി പ്രത്യേക സർക്കാർ അനുമതിയുടെ ആവശ്യമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.