
സാഗ്രെബ്: ലോക ചെസ്സിലെ തന്റെ ആധിപത്യം അരക്കിട്ടുറപ്പിച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്ററും ലോകചാമ്പ്യനുമായ ഡി. ഗുകേഷ്. ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണെ തുടർച്ചയായ രണ്ടാം തവണയും ഗുകേഷ് പരാജയപ്പെടുത്തി. ക്രൊയേഷ്യയിൽ നടക്കുന്ന സൂപ്പർയുണൈറ്റഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ടൂർണമെന്റിലെ റാപ്പിഡ് മത്സരത്തിലാണ് ഗുകേഷിന്റെ തകർപ്പൻ ജയം. ടൂർണമെന്റിന് മുൻപ് ഗുകേഷിനെ ‘ദുർബലനായ കളിക്കാരൻ’ എന്ന് വിശേഷിപ്പിച്ച കാൾസണേറ്റ കനത്ത പ്രഹരമായി ഈ തോൽവി.
ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് ഗുകേഷ് കാൾസണെ പരാജയപ്പെടുത്തുന്നത്. നോർവേ ചെസ്സിൽ ക്ലാസിക്കൽ ഫോർമാറ്റിലായിരുന്നു ഇതിന് മുൻപത്തെ ജയം. അന്ന് തോൽവിയിൽ പ്രകോപിതനായി കാൾസൺ ടേബിളിൽ ഇടിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു.
വെള്ളക്കരുക്കളുമായി കളിച്ച കാൾസൺ, 49-ാം നീക്കത്തിൽ പരാജയം സമ്മതിച്ച് കളിയിൽ നിന്ന് പിന്മാറുകയായിരുന്നു. കളിയുടെ തുടക്കത്തിൽ കാൾസണ് മുൻതൂക്കമുണ്ടായിരുന്നെങ്കിലും, ഗുകേഷിന്റെ മികച്ച നീക്കങ്ങൾക്ക് മുന്നിൽ പിന്നീട് അടിപതറുകയായിരുന്നു.
World Champion Gukesh D stunned Magnus Carlsen in Round 6! A must-watch game that had us all on the edge of our seats!♟️#grandchesstour #chess pic.twitter.com/T3Ls0w8m0C
— Grand Chess Tour (@GrandChessTour) July 3, 2025
‘ചെസ്സ് ആസ്വദിക്കാൻ കഴിയുന്നില്ല’ – കാൾസൺ
തോൽവിക്ക് പിന്നാലെ, തനിക്ക് ഇപ്പോൾ ചെസ്സ് കളിക്കുന്നത് ആസ്വദിക്കാൻ കഴിയുന്നില്ലെന്ന് മാഗ്നസ് കാൾസൺ തുറന്നുപറഞ്ഞു. “സത്യം പറഞ്ഞാൽ, എനിക്കിപ്പോൾ ചെസ്സ് കളിക്കുന്നത് ഒരു തരത്തിലും ആസ്വദിക്കാൻ കഴിയുന്നില്ല. കളിക്കുമ്പോൾ എപ്പോഴും സംശയങ്ങളാണ്. ഒട്ടും ഒഴുക്ക് തോന്നുന്നില്ല. വളരെ മോശം അവസ്ഥയാണിത്,” കാൾസൺ പറഞ്ഞു.

ഗുകേഷ് മികച്ച രീതിയിലാണ് കളിക്കുന്നതെന്നും, ലഭിക്കുന്ന അവസരങ്ങളെല്ലാം അവൻ മുതലെടുക്കുന്നുവെന്നും കാൾസൺ കൂട്ടിച്ചേർത്തു. “എന്റെ കളി മോശമായിരുന്നു, എല്ലാ ക്രെഡിറ്റും ഗുകേഷിനാണ്,” എന്നും അദ്ദേഹം പറഞ്ഞു.
ടൂർണമെന്റിലെ തുടർച്ചയായ അഞ്ചാം വിജയമാണ് ഗുകേഷ് സ്വന്തമാക്കിയത്. റാപ്പിഡ്, ബ്ലിറ്റ്സ് ഫോർമാറ്റുകളിൽ ഗുകേഷിന് ഒരുപാട് തെളിയിക്കാനുണ്ടെന്ന് ടൂർണമെന്റിന് മുൻപ് പരിഹസിച്ച കാൾസണ്, കളിക്കളത്തിൽ തന്നെ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ താരം.