
തിരുവനന്തപുരം: സാങ്കേതികത്തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് എഫ്-35ബി യുദ്ധവിമാനം ഇന്ത്യയിൽ വെച്ച് നന്നാക്കാൻ സാധിക്കില്ലെന്ന് ഉറപ്പായതോടെ, വിമാനം ഭാഗങ്ങളായി പൊളിച്ച് ബ്രിട്ടനിലേക്ക് തിരികെ കൊണ്ടുപോകാൻ തീരുമാനം.
ലോകത്തിലെ ഏറ്റവും വിലയേറിയതും സാങ്കേതികമായി മുൻപന്തിയിൽ നിൽക്കുന്നതുമായ ഈ യുദ്ധവിമാനം പൊളിച്ചടുക്കുന്നത് അതീവ സങ്കീർണ്ണവും സുരക്ഷാ ഭീഷണികൾ നിറഞ്ഞതുമായ ഒരു ദൗത്യമാണ്.
വിമാനം പൊളിച്ച് ഭാഗങ്ങളാക്കി സി-17 ഗ്ലോബ്മാസ്റ്റർ പോലുള്ള വലിയ കാർഗോ വിമാനത്തിലായിരിക്കും യുകെയിലേക്ക് കൊണ്ടുപോകുക. എന്നാൽ, ഈ ‘പൊളിച്ചടുക്കൽ’ അത്ര എളുപ്പമല്ല.
ഓരോ സ്ക്രൂവിനും കണക്ക്
എഫ്-35 നിർമ്മിച്ച അമേരിക്കൻ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിന്റെ പരിശീലനം ലഭിച്ച എഞ്ചിനീയർമാർക്ക് മാത്രമേ ഈ വിമാനം പൊളിക്കാൻ സാധിക്കുകയുള്ളൂ. ബ്രിട്ടീഷ് സൈന്യത്തിന്റെ പൂർണ്ണ നിരീക്ഷണത്തിലായിരിക്കും ഓരോ ഘട്ടവും നടക്കുക. വിമാനത്തിന്റെ സ്റ്റെൽത്ത് (റഡാറുകളുടെ കണ്ണുവെട്ടിക്കാനുള്ള കഴിവ്) സാങ്കേതികവിദ്യ, ആയുധ സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഒരു കാരണവശാലും ചോരാതിരിക്കാൻ അതീവ ജാഗ്രത പുലർത്തും.
ഇതിനായി, അഴിക്കുന്ന ഓരോ സ്ക്രൂവിനും ഭാഗത്തിനും പ്രത്യേക സുരക്ഷാ കോഡ് നൽകി രേഖപ്പെടുത്തും. ഡാറ്റാ ചോർച്ചയുടെ സാധ്യത പൂർണ്ണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം. കാരണം, ഈ സാങ്കേതികവിദ്യ ചോർന്നാൽ അത് ബ്രിട്ടന്റെ ദേശീയ പ്രതിരോധത്തിന് തന്നെ വലിയ ഭീഷണിയാകും.
വ്യോമപാതയിലെ വെല്ലുവിളികൾ
വിമാനം ഭാഗങ്ങളാക്കി കൊണ്ടുപോകുമ്പോഴും വെല്ലുവിളികളുണ്ട്. വിമാനഭാഗങ്ങൾ വഹിക്കുന്ന കാർഗോ വിമാനത്തിന് കടന്നുപോകാൻ, അത് സഞ്ചരിക്കുന്ന ഓരോ രാജ്യത്തിന്റെയും വ്യോമപാത ഉപയോഗിക്കാൻ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. എഫ്-35ന് ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതിനാൽ, മറ്റ് രാജ്യങ്ങൾ ഇതിന് അനുമതി നൽകുന്നത് നയതന്ത്രപരമായി ഏറെ നിർണായകമാണ്.
ജൂൺ 14-നാണ് എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന എഫ്-35ബി വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറങ്ങിയത്. വിമാനം നന്നാക്കാനായി യുകെയിൽ നിന്നുള്ള വിദഗ്ധ സംഘം നാളെയെത്തുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.