
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സ്വന്തം ജില്ലയായ പത്തനംതിട്ടയിൽ സിപിഎം നേതാക്കളുടെ ഭാഗത്തുനിന്ന് ഫേസ്ബുക്കിൽ രൂക്ഷ വിമർശനം. കോട്ടയം മെഡിക്കൽ കോളേജ് ദുരന്തത്തിലെ മന്ത്രിയുടെ പ്രതികരണങ്ങളിലും, അതിന് പിന്നാലെ മന്ത്രി ആശുപത്രിയിലായതിനെയും പരിഹസിച്ചും വിമർശിച്ചുമാണ് നേതാക്കൾ രംഗത്തെത്തിയത്.
സംഭവം വിവാദമായതോടെ, പോസ്റ്റുകൾ വിശദമായി പരിശോധിച്ച് നേതാക്കൾക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കി.
എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റും ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവുമായ പി.ജെ. ജോൺസന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിമർശനങ്ങൾക്ക് തുടക്കമിട്ടത്. “മന്ത്രി അല്ല എംഎൽഎ പോലും ആകാൻ അർഹതയില്ല” എന്നായിരുന്നു ജോൺസന്റെ പോസ്റ്റ്. ഇതിന് പിന്നാലെ, സിപിഎം ഏരിയ കമ്മിറ്റി അംഗവും സിഡബ്ല്യുസി മുൻ ചെയർമാനുമായ അഡ്വ. എൻ. രാജീവും പരിഹാസവുമായി രംഗത്തെത്തി.
കോട്ടയം സംഭവത്തിലെ ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് മന്ത്രി ആശുപത്രിയിലായതെന്നായിരുന്നു രാജീവിന്റെ പരിഹാസത്തിന്റെ ഉള്ളടക്കം. “കുട്ടിയായിരിക്കെ ഞാൻ ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കള്ളം പറഞ്ഞ് വീട്ടിൽ ഇരിക്കുമായിരുന്നു, അങ്ങനെ ഞാൻ പരീക്ഷകളിൽ നിന്നും രക്ഷപ്പെട്ടു, ഇവിടെ ചോദ്യങ്ങളിൽ നിന്നും,” എന്നാണ് രാജീവ് ഫേസ്ബുക്കിൽ കുറിച്ചത്.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിലെ മന്ത്രിയുടെ പ്രതികരണങ്ങൾ പാർട്ടി പ്രവർത്തകർക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ, മന്ത്രിക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് വിമർശനം പരസ്യമായത്. പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ കടുത്ത അതൃപ്തിയാണ് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ പുറത്തുവന്നത്. നേതാക്കളുടെ പോസ്റ്റുകൾ പാർട്ടി വിശദമായി പരിശോധിക്കുമെന്നും, ആവശ്യമെങ്കിൽ നടപടിയെടുക്കുമെന്നും ജില്ലാ സെക്രട്ടറി രാജു എബ്രഹാം പ്രതികരിച്ചു.